ചെന്നൈ: അണ്ണാ ഡിഎംകെ പിളര്‍പ്പിലേയ്ക്ക്. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജനും പനീര്‍ശെല്‍വവും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് അണ്ണാ ഡിഎംകെ പിളര്‍പ്പിലേയ്ക്ക് നീങ്ങുന്നത്.
ഉത്തമബോധ്യത്തോടെയാണ് ചൊവ്വാഴ്ച രാത്രി താൻ വെളിപ്പെടുത്തൽ നടത്തിയതെന്നും ശശികലക്ക് അധികാരത്തോട് ആർത്തിയാണെന്നും പന്നീർശെൽവം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയാകാൻ ശശികല അസാധാരണ തിടുക്കം കാണിക്കുന്നു. ഇത് പാർട്ടിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും പന്നീർശെൽവം ചൂണ്ടിക്കാട്ടി. ജനസമ്മതിയുള്ളവരാണ് നേതൃസ്ഥാനത്ത് എത്തേണ്ടത്. തന്നെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും നിര്‍ബന്ധിച്ച് രാജി വയ്പ്പിച്ചതാണ്. എംഎല്‍എ മാരുടെ യോഗം വിളിച്ചതു പോലും താനറിഞ്ഞില്ല.
പിന്നണി കഥകളുടെ വെറും 10 ശതമാനം മാത്രമാണ് താന്‍ വെളിപ്പെടുത്തിയതെന്നും പനീര്‍ശെല്‍വം പറഞ്ഞു. പാര്‍ട്ടിയെ പിളര്‍ത്തലല്ല ഉദ്ദേശമെന്നും ഒറ്റയ്ക്ക് പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശശികലയ്‌ക്കെതിരായ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ, പനീര്‍ശെല്‍വത്തിനെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തു നിന്നും ശശികല നീക്കിയിരുന്നു. പകരം വനം മന്ത്രി ദിന്‍ഡിഗല്‍ ശ്രീനിവാസനെ പുതിയ ട്രഷററായി നിയമിക്കുകയും ചെയ്തു.
നിർണായകമായ നിയമസഭാകക്ഷി യോഗം ഇന്നു രാവിലെ ശശികല വിളിച്ചിട്ടുണ്ട്. പനീർസെൽവത്തിന് 40 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വിലയിരുത്തൽ. ശശികലയോട് താൽപര്യമില്ലാത്ത എംഎൽഎമാരും പ്രവർത്തകരും അദ്ദേഹത്തിനൊപ്പമാണ്. പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനങ്ങളും നേതാക്കളും ഇന്നലെ തെരുവിലിറങ്ങിയിരുന്നു.