ചെന്നൈ: ശശികലയ്ക്കെതിരെ ആഞ്ഞടിച്ച് ജയലളിതയുടെ അനന്തിരവൾ ദീപാ ജയകുമാർ. ശശികലയെ മുഖ്യമന്ത്രിയായി ജനം ആഗ്രഹിക്കുന്നില്ല. തമിഴ് ജനത ജയലളിതക്കാണ് വോട്ട് ചെയ്തതെന്നും ശശികലക്ക് വോട്ട് ചെയ്തിട്ടില്ലെന്നും അവർ മുഖ്യമന്ത്രിയായി വരുന്നത് ദു:ഖകരമാണെന്നും ചെന്നൈയിൽ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ ദീപ പറഞ്ഞു.
തമിഴ് ജനത വോട്ട് ചെയ്തത് ശശികലക്കല്ല. ശശികലയെ മുഖ്യമന്ത്രിയായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുകയാണ്. ശശികല മുഖ്യമന്ത്രിയാകുന്ന ദിവസം തമിഴ്‌നാടിന് കരിദിനമാണെന്നും ദീപ പറഞ്ഞു.
തമിഴ്നാട്ടിൽ രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുകയാണ്. ശശികല മുഖ്യമന്ത്രിയാകുന്നതിൽ ജനത്തിന് ആശങ്കയുണ്ട്. 33 വർഷം കൂടെയുണ്ടായിരുന്നു എന്ന് കരുതി ഒരാൾക്ക് മുഖ്യമന്ത്രിയാവാൻ യോഗ്യതയില്ല. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതൽ തനിക്ക് അപ്പോളൊ ആശുപത്രിയിലേക്ക് പ്രവേശനം നിഷേധിച്ചു. ജയലളിതയെ കാണാൻ ഒരിക്കൽ പോലും അനുവദിച്ചില്ലെന്നും അവർ പറഞ്ഞു.
ഈ മാസം 24ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ദീപ പത്രസമ്മേളനത്തില്‍ പറഞ്ഞു. മരണം സംബന്ധിച്ച് ആശുപത്രിയുടെ ഭാഗത്തുനിന്ന് ശരിയായ വിശദീകരണം നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.