ചെന്നൈ: ജയലളിതയുടെ മരണത്തിൽ കൂടുതൽ സംശയങ്ങൾ ഉയർത്തി വീണ്ടും ആരോപണങ്ങൾ പുറത്തുവരുന്നു. എഐഎഡിഎംകെ മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി.
സെപ്റ്റംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് പോയസ് ഗാർഡനിൽ തർക്കം നടന്നുവെന്നും ചിലർ ജയലളിതയെ പിടിച്ചുതള്ളിയെന്നുമാണ് പി.എച്ച്.പാണ്ഡ്യൻ ആരോപിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച അദ്ദേഹം ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് നിരവധി പേർ ആവശ്യമുന്നയിക്കുമ്പോഴാണ് പാർട്ടിയുടെ മുതിർന്ന നേതാവ് തന്നെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
It's because of blessings of late TN CMs #Jayalalithaa & MGR that #SasikalaNatarajan's swearing-in ceremony didn't take place: PH Pandian pic.twitter.com/8UxkZ3O1qH
— ANI (@ANI_news) February 7, 2017
2011 ല്‍ പാര്‍ട്ടിയില്‍ നിന്നും വീട്ടില്‍ നിന്നും ശശികലയെ ജയലളിതയെ പുറത്താക്കിയതാണ്. പിന്നീട് മാപ്പ് പറഞ്ഞ് കൂടെക്കൂടുകയും ഇപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നതും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തില്‍ ജയലളിത ഏറെ ദു:ഖിതയായിരുന്നുവെന്നും പാണ്ഡ്യന്‍ ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജയലളിതയുടെ വിയോഗദുഖത്തിൽ നിന്നും ഇപ്പോഴും മുക്തനാകാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പദവികളൊന്നും വേണ്ടെന്നായിരുന്നു അമ്മയുടെ വിയോഗ സമയത്ത് ശശികല പറഞ്ഞിരുന്നത്. ജനറൽ സെക്രട്ടറിയാകാനും മുഖ്യമന്ത്രിയാകാനും ശശികല എന്തിനാണിത്ര ധൃതി കാണിക്കുന്നത്. താൽക്കാലിക ജനറൽ സെക്രട്ടറി പദവി തന്നെ ശരിയല്ലെന്നും പിന്നെ എങ്ങനെയാണ് ശശികലക്ക് മുഖ്യമന്ത്രി പദത്തിലെത്താൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
#Jayalalithaa told me once that she didn't want #SasikalaNatarajan to be TN CM: Manoj Pandian, AIADMK pic.twitter.com/blc6dQDeHP
— ANI (@ANI_news) February 7, 2017
ജയലളിത ആശുപത്രിയിലായ സെപ്റ്റംബർ 22ന് അവരെ പോയസ് ഗാർഡനിൽ ആരോ തള്ളിയിട്ട് പരിക്കേൽപ്പിച്ചു. പിന്നീട് വളരെ വൈകിയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സകൾ എല്ലാം വൈകിക്കുകയും ചെയ്തു. അമ്മ മരിച്ചപ്പോൾ ശശികലയുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണൂനീർ പോലും വീണില്ല. എന്തെങ്കിലും വിഷമം അവർക്കുണ്ടായിരുന്നെങ്കിൽ ഒരു മാസത്തിനകം അധികാര സ്ഥാനങ്ങളിലേക്ക് എത്തില്ലായിരുന്നുവെന്നും പി.എച്ച്.പാണ്ഡ്യൻ ആരോപിക്കുന്നു.
ജയലളിതയ്ക്ക് വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നത് അടക്കം നിരവധി ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം അണ്ണാ ഡിഎംകെയും ജയലളിതയെ ചികിത്സിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രി അധികൃതരും തള്ളിക്കളഞ്ഞിരുന്നു.
ഇന്നലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ജയലളിത മരിച്ചത് കടുത്ത പ്രമേഹരോഗം മൂലമാണെന്നും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ അവരുടെ ഒന്നിലധികം അവയവങ്ങൾ നിശ്ചലമായിരുന്നുവെന്നും അപ്പോളോയിൽ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ലണ്ടനിലെ വിദഗ്ധ ഡോക്ടറും വിശദീകരിച്ചിരുന്നു.