ന്യൂഡല്‍ഹി: പ്രതിസന്ധിയൊഴിയാതെ കോണ്‍ഗ്രസ്... ജ്യോതിരാദിത്യ സിന്ധ്യയും രാജി സമര്‍പ്പിച്ചു.
രാഹുല്‍ ഗാന്ധിയ്ക്കുശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സാധ്യത പറഞ്ഞുകേള്‍ക്കുന്ന യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. ലോകസഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണു രാജി. രാഹുലിനുശേഷം പാര്‍ട്ടിയിലുണ്ടായ ഏറ്റവും നിര്‍ണായകമായേക്കാവുന്ന രാജിയായിരിക്കും ഇത്.
പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. സിന്ധ്യയെക്കൂടാതെ പ്രിയങ്കാ ഗാന്ധിക്കാണ് ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ളത്. ശക്തരായ നേതാക്കള്‍ ചുമതല വഹിച്ചിട്ടും ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമേ നേടുവാന്‍ കഴിഞ്ഞുള്ളു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തെത്തുടര്‍ന്ന് നിരവധി നേതാക്കളാണ് രാജി വച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദീപക് ബാബ്‌റിയ, വിവേക് തന്‍ഖ തുടങ്ങിയ മറ്റു പല മുതിര്‍ന്ന നേതാക്കളും രാജിവച്ചിരിയ്കുകയാണ്.
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിരവധി നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും താന്‍ ആദ്യം രാജിവയ്ക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താനാവില്ലെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത കത്തില്‍ വ്യക്തമാക്കിയിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയാത്ത പല നേതാക്കളേയും ലക്ഷ്യമിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശം.
അതേസമയം, രാഹുല്‍ ഗാന്ധിക്ക് പകരക്കാരനായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ ജ്യോതിരാദിത്യ സിന്ധ്യയുമുണ്ട്. എന്നാല്‍ പുതിയ അദ്ധ്യക്ഷനാരെന്ന കാര്യത്തില്‍ തീരുമാനം നീളുമെന്നാണ് സൂചന.