Karnataka Congress: ഡികെയോ സിദ്ധരാമയ്യയോ? കർണാടക മുഖ്യനെ സോണിയ തീരുമാനിക്കും; തിരക്കിട്ട ചർച്ചയിൽ നേതൃത്വം

കർണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. മല്ലികാർജുൻ ഖാർ​ഗെ സോണിയ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനം.  

Written by - Zee Malayalam News Desk | Last Updated : May 17, 2023, 02:18 PM IST
  • ചർച്ചകൾക്ക് അന്തിമ ഫലം ലഭിക്കാതെ വന്നതോടെയാണ് തീരുമാനം സോണിയ ​ഗാന്ധിക്ക് വിട്ടത്.
  • ഷിംലയിലുള്ള സോണിയ ​ഗാന്ധി ഇന്ന് ഡൽഹിയിലെത്തും.
  • സോണിയയുമായി ഖാർ​ഗെ വീണ്ടും ചർച്ച നടത്തിയ ശേഷം അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും മുഖ്യമന്ത്രിയെ തീരുമാനിക്കുക.
Karnataka Congress: ഡികെയോ സിദ്ധരാമയ്യയോ? കർണാടക മുഖ്യനെ സോണിയ തീരുമാനിക്കും; തിരക്കിട്ട ചർച്ചയിൽ നേതൃത്വം

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസങ്ങൾ പിന്നിട്ടിട്ടും കർണാടകയിൽ ഇതുവരെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ മുഖ്യമന്ത്രിയെ തീരുമാനിക്കും എന്ന് അറിയിച്ചുവെങ്കിലും ഇപ്പോൾ ഒടുവിലായി മനസിലക്കാൻ കഴിയുന്നത് അദ്ദേഹം ഈ വിഷയം സോണിയാഗാന്ധിയുടെ മധ്യസ്ഥതയിലേക്ക് വിട്ടുവെന്നാണ്.  മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ എന്നിവരാണ് മുഖ്യമന്ത്രി പദത്തിനായി നിൽക്കുന്നത്. സിദ്ധരാമയ്യയ്ക്ക് ആണ് കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡിന് താത്‌പര്യം. എന്നാൽ, കോൺഗ്രസ് വിജയത്തിൽ മുഖ്യപങ്കുവഹിച്ച പി.സി.സി. അധ്യക്ഷൻകൂടിയായ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി പദവി ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. 

ചർച്ചകൾക്ക് അന്തിമ ഫലം ലഭിക്കാതെ വന്നതോടെയാണ് തീരുമാനം സോണിയ ​ഗാന്ധിക്ക് വിട്ടത്. ഷിംലയിലുള്ള സോണിയ ​ഗാന്ധി ഇന്ന് ഡൽഹിയിലെത്തും. സോണിയയുമായി ഖാർ​ഗെ വീണ്ടും ചർച്ച നടത്തിയ ശേഷം അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ബുധനാഴ്ച ഉച്ചയോടെയെങ്കിലും കർണാടക മുഖ്യമന്ത്രി ആരെന്നുള്ളതിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കാനുള്ള തിരക്കിട്ട ചർച്ചകളാണ് കേൺ​ഗ്രസ് നേതൃത്വത്തിൽ നടക്കുന്നത്. പ്രഖ്യാപനം ആയിക്കഴിഞ്ഞാലുടൻ സത്യപ്രതിജ്ഞ നടത്തുകയാണ് ലക്ഷ്യം. നിയുക്ത മുഖ്യമന്ത്രിയാകും പിന്നീട് സത്യപ്രതിജ്ഞാ തിയതി തീരുമാനിക്കുക. 

ഇന്നലെ, ചൊവ്വാഴ്ച സിദ്ധരാമയ്യയുമായും ഡി.കെ.ശിവകുമാറുമായും മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച നടത്തിയിരുന്നു. മകൻ യതീന്ദ്ര, എം.എൽ.എ.മാരായ സമീർ അഹമ്മദ്, ഭൈരതി സുരേഷ്, മുതിർന്ന നേതാവ് കെ.ജെ. ജോർജ് എന്നിവർക്കൊപ്പമാണ് സിദ്ധരാമയ്യ എത്തിയത്. ഇനിയൊരു മത്സരത്തിന് താൻ ഇല്ലെന്നും തന്റെ അവസാന തിരഞ്ഞെടുപ്പായിരുന്നു ഇപ്പോൾ കഴിഞ്ഞതെന്നും അതിനാൽ മുഖ്യമന്ത്രിപദം വേണമെന്നുമായിരുന്നു സിദ്ധരാമയ്യ ആവശ്യപ്പെട്ടത്. എന്നാൽ രണ്ട് വർഷത്തിനുശേഷം പദവി ശിവകുമാറിന് നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. കെ.സി.വേണുഗോപാലും സിദ്ധരാമയ്യയും തമ്മിലും കൂടിക്കാഴ്ച നടത്തി.  

Also Read: ITR-2 Offline Form : ആദായ നികുതി റിട്ടേൺ ഇ-ഫയലിങ്ങിനുള്ള ഐടിആർ-2 ഓഫ്ലൈൻ ഫോം എവിടെ ലഭിക്കും? ചെയ്യേണ്ടത് ഇത്രമാത്രം

 

എം.എൽ.എ.മാർക്കിടയിൽ മുൻതൂക്കം ഉള്ളത് സിദ്ധരാമയ്യക്ക് ആണ്. ഇത് ഖാർഗെ ശിവകുമാറിനെ ധരിപ്പിച്ചു. വിജയത്തിൽ ശിവകുമാറിന്റെ പ്രവർത്തനത്തെ ഖാർ​ഗെ പ്രകീർത്തിച്ചു. രണ്ടുവർഷം, മൂന്നുവർഷം എന്ന വ്യവസ്ഥയാണ് ഖാർ​ഗെ മുന്നോട്ടുവെച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പുവേണമെന്നായിരുന്നു ശിവകുമാറിന്റെ നിലപാട്. ഒരു ഉപമുഖ്യമന്ത്രിയേ ആകാവൂ എന്നും ശിവകുമാർ നിബന്ധനവെച്ചു. പിന്നിൽനിന്ന് കുത്താനോ രാജിവെക്കാനോ താൻ ഒരുങ്ങില്ലെന്നും ശിവകുമാർ അറിയിച്ചതായാണ് വിവരം.

കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി പങ്കെടുത്ത യോ​ഗത്തിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനാണ് ധാരണയായത്. ഡി കെ ശിവകുമാ‍റിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയുണ്ട്. ശിവകുമാർ പിസിസി അധ്യക്ഷസ്ഥാനത്തും തുടരും. പി.സി.സി. പദവിക്കൊപ്പം ഉപമുഖ്യമന്ത്രിസ്ഥാനം, ആഭ്യന്തരവകുപ്പ്, ഒപ്പമുള്ളവർക്ക് നിർണായക കാബിനറ്റ് പദവികൾ എന്നിവ മുഖ്യമന്ത്രിസ്ഥാനത്തിൽ നിന്ന് മാറിനിൽക്കാൻ ശിവകുമാർ മുന്നോട്ടുവെച്ചിരുന്നു. ഇതു നൽകാൻ തയ്യാറാവുന്ന സ്ഥിതിയിലാണ് ഹൈക്കമാൻഡെങ്കിലും ശിവകുമാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ശക്തമായ പോരാട്ടത്തിൽ ബിജെപിക്കെതിരെ ഉജ്ജ്വല വിജയമാണ് കോൺ​ഗ്രസ് നേടിയത്. കർണാടകയിൽ ആകെ 224 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 135 സീറ്റിൽ വിജയിച്ച് മിന്നുന്ന നേട്ടമാണ് കോൺഗ്രസ് കൈവരിച്ചത്. ജെഡിഎസിന്റെയോ സ്വതന്ത്രരുടെയോ പിന്തുണയില്ലാതെ തന്നെ ഭരണം നേടാൻ കോൺ​ഗ്രസിനായി. മറുവശത്ത്, ഭരണകക്ഷിയായ ബിജെപി വലിയ തിരിച്ചടിയാണ് നേരിട്ടത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തിരഞ്ഞെടുപ്പായതിനാൽ ബിജെപിക്കിത് വലിയ തിരിച്ചടിയാണ് നൽകിയത്. പ്രചാരണ വേളയിൽ ബിജെപി തങ്ങളുടെ മുൻനിര നേതാക്കളെയെല്ലാം കർണാടകയിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും ബിജെപിയെ തുണച്ചില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News