ചാഞ്ചാടി കര്‍ണാടക മന്ത്രിസഭ; 12 എംഎല്‍എമാര്‍ രാജിവച്ചു

കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌-ജെഡിഎസ് സര്‍ക്കാരിന്‍റെ ഭാവി തുലാസില്‍. ഭരണകക്ഷിയിലെ 12 എംഎല്‍എമാര്‍ സ‌്പീക്കര്‍ക്ക‌് രാജിക്കത്ത് നല്‍കി. 

Last Updated : Jul 7, 2019, 11:11 AM IST
ചാഞ്ചാടി കര്‍ണാടക മന്ത്രിസഭ; 12 എംഎല്‍എമാര്‍ രാജിവച്ചു

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌-ജെഡിഎസ് സര്‍ക്കാരിന്‍റെ ഭാവി തുലാസില്‍. ഭരണകക്ഷിയിലെ 12 എംഎല്‍എമാര്‍ സ‌്പീക്കര്‍ക്ക‌് രാജിക്കത്ത് നല്‍കി. 

9 കോണ്‍ഗ്രസ‌് അംഗങ്ങളും 3 ജെഡിഎസ‌് അംഗങ്ങളും രാജിക്കത്ത് സമര്‍പ്പിച്ചതായി സ‌്പീക്കര്‍ സ്ഥിരീകരിച്ചു. എന്നാല്‍ സ്പീക്കര്‍ ഇതുവരെ രാജി അംഗീകരിച്ചിട്ടില്ല. ഇതിനിടെ, രാജിവച്ച എംഎല്‍എമാര്‍ ഗവര്‍ണര്‍ വാജുഭായ‌് വാലയെ സന്ദര്‍ശിച്ചു.

ജെഡിഎസ‌് മുന്‍ അദ്ധ്യക്ഷനും വിമതനേതാവുമായ എച്ച‌് വിശ്വനാഥയുടെ നേതൃത്വത്തിലാണ‌് രാജി സമര്‍പ്പിക്കാന്‍ എംഎല്‍എമാര്‍ എത്തിയത‌്. കോണ്‍ഗ്രസില്‍നിന്ന‌് രാമലിംഗ റെഡ്ഡി, മഹേഷ് കുമത്തള്ളി, ശിവറാം ഹെബ്ബാര്‍, ബി സി പാട്ടീല്‍, മുനിരത്ന, എസ് ടി സോമശേഖര്‍, ബയ്‍രാത്തി, ബസവരജ്, സൗമ്യ റെഡ്ഡി, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരും ജെഡിഎസില്‍നിന്ന‌് നാരായണ ഗൗഡ, ഗോപാലയ്യ, എച്ച്‌ വിശ്വനാഥ് എന്നിവരുമാണ‌് രാജി നല്‍കിയത‌്. 

അതേസമയം, സ്പീക്കര്‍ ആരുടെയും രാജി നേരിട്ട‌് സ്വീകരിച്ചിട്ടില്ല. എംഎല്‍എമാര്‍ എത്തുന്നതിന് മുന്‍പ് വിധാന്‍ സൗധയില്‍നിന്നുപോയ സ്പീക്കര്‍ ഇനി ചൊവ്വാഴ്ചയേ മടങ്ങിയെത്തൂ. ചൊവ്വാഴ‌്ച ഓഫീസിലെത്തിയശേഷം നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന‌് സ‌്പീക്കര്‍ രമേശ‌് കുമാര്‍ അറിയിച്ചു. 

ലോ‌ക‌്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയവും, മന്ത്രിസഭ പുനസംഘടനയെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളുമാണ് എംഎല്‍എമാരുടെ രാജിയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. രാഹുലിന്‍റെ രാജിയെ തുടര്‍ന്ന‌് ഹൈക്കമാന്‍ഡിലുണ്ടായ നേതൃരാഹിത്യവും പിസിസി പിരിച്ചുവിട്ടതിനാല്‍ സംസ്ഥാനത്ത‌് ഉടലെടുത്ത രാഷ‌്ട്രീയ സാഹചര്യവും പ്രതിസന്ധി കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. 

ഇതിനിടെ അമേരിക്കന്‍ സന്ദര്‍ശനത്തിനുപോയ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും കോണ്‍ഗ്രസ‌് സംസ്ഥാന അദ്ധ്യക്ഷന്‍  ദിനേശ‌് ഗുണ്ടുറാവുവും ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന‌് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ ബംഗളൂരുവിലെത്തിയിടുണ്ട്.

എംഎല്‍എമാര്‍ രാജിയ്ക്ക് കാരണമായി നിസ്സാരകാര്യങ്ങളാണ് പറയുന്നതെന്നാണ് കോണ്‍ഗ്രസ‌് നേതാവ‌് ഡി കെ ശിവകുമാര്‍ പറഞ്ഞത്. 

കോണ്‍ഗ്രസ‌്-- ജെഡിഎസ‌് എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന‌് സര്‍ക്കാര്‍ വീഴില്ലെന്ന‌് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ‌് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.

കോണ്‍ഗ്രസ‌്-ജെഡിഎസ‌് എംഎല്‍എമാരുടെ രാജിയെ ക്കുറിച്ച‌് താന്‍ പ്രതികരിക്കുന്നില്ലെന്ന‌് ജെഡിഎസ‌് നേതാവും മുന്‍ പ്രധാനന്ത്രിയുമായ ദേവഗൗഡ പറഞ്ഞു. രാജിയെക്കുറിച്ച‌് ഒന്നുംപറയാനില്ലെന്ന‌് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട‌് പറഞ്ഞു. ആരോടും ഒന്നും ഇക്കാര്യത്തില്‍ സംസാരിക്കാനില്ല. പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയവിനിമയത്തിനാണ‌് താന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ കോണ്‍ഗ്രസ്‌-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ ഏതുവിധേനയും താഴെയിറക്കി സര്‍ക്കാര്‍ രൂപീകരിക്കാനാണ‌് ബിജെപി ശ്രമിക്കുന്നത‌്. എന്താണ‌് സംഭവിക്കുന്നതെന്ന‌് കാത്തിരുന്ന‌് കാണാമെന്നു മാത്രമാണ‌് യെദ്യൂരപ്പ പ്രതികരിച്ചത‌്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം നിരീക്ഷിക്കുകയാണെന്നും രാജിയുമായി ബിജെപിക്കു ബന്ധമില്ല എന്നും സ്വയമുണ്ടാക്കുന്ന പ്രതിസന്ധികളാല്‍ സര്‍ക്കാര്‍ വീഴുമെന്ന‌് ബിജെപി നേരത്തെ പ്രഖ്യാപിച്ചതാണെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകത്തില്‍ ഗവര്‍ണര്‍ ക്ഷണിച്ചാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന‌് കേന്ദ്രമന്ത്രി ഡി വി സദാനന്ദഗൗഡ പറഞ്ഞു. നിലവില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ‌്. കൂടാതെ, 150 എംഎല്‍എമാര്‍ ബിജെപിക്കൊപ്പമുണ്ട‌്. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി തയ്യാറാണെന്നും ഗൗഡ പറഞ്ഞു.

Trending News