റെ​ഡ്ഡി സഹോദരന്മാര്‍ക്ക് സീ​റ്റ് ന​ൽ​കി​യ​ത് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍റെ അനുമതിയോടെ: ​യെ​ദ്യൂ​ര​പ്പ

 

Last Updated : May 3, 2018, 05:27 PM IST
റെ​ഡ്ഡി സഹോദരന്മാര്‍ക്ക് സീ​റ്റ് ന​ൽ​കി​യ​ത് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍റെ അനുമതിയോടെ: ​യെ​ദ്യൂ​ര​പ്പ

 

ബംഗളൂരു: അഴിമതി കേസിലെ പ്രതികളും വി​വാ​ദ ഖ​നി ഉ​ട​മ​ക​ളുമായ ബല്ലാരിയിലെ റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​കി​യ​ത് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷായുടെ അനുമതിയോടെയെന്ന് ബിജെപി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ബി.​എ​സ്. ​യെ​ദ്യൂ​ര​പ്പ. 

ഖ​നി അ​ഴി​മ​തി​യി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ ജ​നാ​ർ​ദ​ൻ റെ​ഡ്ഡി മ​ത്സ​രി​ക്കേ​ണ്ടെ​ന്നു മാ​ത്ര​മാ​ണ് അ​മി​ത് ഷാ ​നി​ർ​ദേ​ശി​ച്ച​തെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ​മാ​രാ​യ ക​രു​ണാ​ക​ർ റെ​ഡ്ഡി​ക്കും സോ​മ​ശേ​ഖ​ർ റെ​ഡ്ഡി​ക്കും സീ​റ്റ് ന​ൽ​കു​ന്ന​തി​ൽ അ​മി​ത് ഷാ​യ്ക്ക് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും യെ​ദ്യൂ​ര​പ്പ വ്യക്തമാക്കി.

റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്കു സീ​റ്റു ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ബി​ജെ​പി​ക്കു​നേ​രെ കോണ്‍ഗ്രസ് ആക്രമണം ശക്തമാകുമ്പോഴാണ് ​യെ​ദ്യൂ​ര​പ്പയുടെ ഈ വെളിപ്പെടുത്തല്‍. അഴിമതി കേസിലെ മുഖ്യ ആരോപിയായ ജനാര്‍ദ്ദന റെ​ഡ്ഡി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് വിജയത്തിനായി പാര്‍ട്ടിയെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും യെ​ദ്യൂ​ര​പ്പ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്‍റെ സഹായത്തോടെ ബല്ലാരി മാത്രമല്ല സമീപത്തുള്ള 15 ജില്ലകള്‍കൂടി പാര്‍ട്ടിയ്ക്ക് ജയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പാര്‍ട്ടിയുടെ ലക്ഷ്യമായ 150 സീറ്റ് നേടുക എന്നത് റെ​ഡ്ഡി സഹോദരന്മാരുടെ സഹായത്തോടെ പ്രവര്‍ത്തികമാവുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.  

അ​ഴി​മ​തി​യോ​ടു വി​ട്ടു​വീ​ഴ്ച​യി​ല്ല എ​ന്ന് മോ​ദി സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ക്കു​മ്പോഴാണ്, ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്കു സീ​റ്റു ന​ൽ​കു​ന്ന​ത്. 

സംസ്ഥാനത്ത് ബിജെപിയ്ക്ക് ശക്തരായ നേതാക്കള്‍ ഇല്ലാത്തതിനാലാണ് ദേശീയ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത് എത്തുന്നത് എന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ പരിഹസിച്ചിരുന്നു. അതിന് മറുപടിയായി, തിരക്കിനിടയിലും പ്രധാനമന്ത്രി കര്‍ണാടക തെരഞ്ഞെടുപ്പിനുവേണ്ടി സമയം നീക്കി വയ്ക്കുന്നത് "കോണ്‍ഗ്രസ് മുക്ത ഭാരതം" സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് എന്ന് യെ​ദ്യൂ​ര​പ്പ മറുപടി നല്‍കി. 

തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് പ്രചാരണരംഗവും ചൂടുപിടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മൂന്നു പാര്‍ട്ടികളും ശക്തമായ നിലയില്‍ പ്രചാരണം നടത്തുന്നുണ്ട് എങ്കിലും ഏറ്റവും ശ്രദ്ധേയമായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോരാണ് എന്നത് വാസ്തവം തന്നെ. 

തെരഞ്ഞെടുപ്പിന്​ വെറും 9 ദിവസം മാത്രം ശേഷിക്കെ മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും വരവ്​ പ്രചാരണ രംഗത്ത് ഇരുപാര്‍ട്ടികള്‍ക്കും കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എന്തായാലും ഇരു നേതാക്കളുടെയും വരവ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുപ്പിക്കും. 

 

Trending News