ബെംഗളൂരു: കര്‍ണാടകയില്‍ തന്റെ അച്ഛനായ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകുമെന്ന് മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തോടെ സിദ്ധരാമയ്യയെ വിജയിപ്പിക്കുമെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരികയും ചെയ്യുമെന്ന് യതീന്ദ്ര പറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിലെ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസ് മുന്നേറുകയാണ്.
ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനായി എന്തും ചെയ്യുമെന്ന് യതീന്ദ്ര പറഞ്ഞു. കര്‍ണാടകയുടെ താത്പ്പര്യം സംരക്ഷിക്കുക തന്നെ ചെയ്യും. അച്ഛന്‍ തന്നെ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. വരുണ മണ്ഡലത്തില്‍ അച്ഛന്‍ തന്നെ വിജയിക്കും. മകനെന്ന നിലയില്‍ അച്ഛനെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹം. കര്‍ണാടകയിലെ ഒരു പൗരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന ഭരണ കാലഘട്ടം മികച്ചതായിരുന്നു എന്നാണ് അഭിപ്രായമെന്നും യതീന്ദ്ര പറഞ്ഞു.
ALSO READ: ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല; ഫലം വരട്ടെ എന്ന് കുമാരസ്വാമി
അച്ഛന്‍ വീണ്ടും മുഖ്യമന്ത്രിയായാല്‍ ബിജെപിയുടെ കാലത്തെ അഴിമതികളും ദുര്‍ഭരണവും അദ്ദേഹം തിരുത്തും. സംസ്ഥാനത്തിന്റെ കൂടെ താത്പ്പര്യത്തോടെയാകും അദ്ദേഹം മുഖ്യമന്ത്രിയാകുക എന്നും യതീന്ദ്ര കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് മുതിര്‍ന്ന നേതാവ് ഡി.കെ ശിവകുമാറും രംഗത്തുണ്ട്. യതീന്ദ്രയുടെ പ്രഖ്യാപനം കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിയ്ക്ക് തുടക്കമിടുമോ എന്നാണ് ഇനി അറിയാനുള്ളത്.
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. നിലവില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റുകളില്‍ അധികം കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. 80-ഓളം സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. 25-30 സീറ്റുകളില്‍ ജെഡിഎസും ലീഡ് ചെയ്യുന്നു.
ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നാല്‍ ജെഡിഎസ് കിംഗ് മേക്കറാകും എന്ന് ഉറപ്പാണ്. 30-35 സീറ്റുകളില്‍ വിജയിക്കാനാകും എന്ന പ്രതീക്ഷയിലാണ് ജെഡിഎസ്. ഇതുവരെ ഒരു പാര്‍ട്ടിയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ആരോടും ഡിമാന്‍ഡ് വെച്ചിട്ടില്ലെന്നുമാണ് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി വോട്ടെണ്ണലിന് തൊട്ടുമുമ്പ് പറഞ്ഞത്. എന്നാല്‍, കുമാരസ്വാമിക്കോ ദേവഗൗഡയ്‌ക്കോ മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ ജെഡിഎസ് കോണ്‍ഗ്രസിനൊപ്പം പോയേക്കാമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...