ന്യൂഡല്‍ഹി: മതം മാറ്റത്തെ തുടര്‍ന്ന് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയ ഹാദിയക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. കേസില്‍ എന്‍.ഐ.എ അന്വേഷണത്തിനെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണ്ണായക നിരീക്ഷണം. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.
ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമല്ലെന്നും 24 വയസുള്ള ഹാദിയക്ക് സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും സുപ്രീം കോടതി വിലയിരുത്തി. നിയമപ്രകാരം ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് സാധിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മാത്രമല്ല എന്‍.ഐ.എ അന്വേഷണം കേസില്‍ ആവശ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അതേസമയം കേസില്‍ കക്ഷി ചേരാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ ഇതുവരെ നടന്ന അന്വേഷണത്തിന്‍റെ വിവരങ്ങള്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പുറം ലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ അനുവദിക്കാതെ ഹാദിയയെ വീട്ട് തടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും കോടതിയുത്തരവിന്‍റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയ നേരിടുന്നതെന്നുമറിയിച്ച് ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ പുതിയ ഹരജി സമര്‍പ്പിച്ചിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ വിരമിച്ച സാഹചര്യത്തില്‍ നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.