ഗുലാം നബി ആസാദിന്‍റെ പ്രസ്താവനയെ പിന്തുണച്ച് ലഷ്കർ ഇ തൊയ്ബ

ജമ്മു-കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസിനെ പിന്തുണച്ച് ലഷ്കർ ഇ തോയ്ബ.

Last Updated : Jun 22, 2018, 04:43 PM IST
ഗുലാം നബി ആസാദിന്‍റെ പ്രസ്താവനയെ പിന്തുണച്ച് ലഷ്കർ ഇ തൊയ്ബ

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസിനെ പിന്തുണച്ച് ലഷ്കർ ഇ തോയ്ബ.

ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും അതേ അഭിപ്രായം തന്നെയാണ് തങ്ങള്‍ക്കുമുള്ളതെന്ന് ലഷ്‌കര്‍ ഭീകരൻ മഹമൂദ് ഷാ ഇ-മെയിലിലൂടെ നടത്തിയ പ്രസ്താവനയില്‍ പറയുന്നു. 

'ഗുലാം നബി ആസാദിനും മറ്റുള്ളവര്‍ക്കുമുള്ള അതേ അഭിപ്രായം തന്നെയാണ് തുടക്കം മുതല്‍ ഞങ്ങള്‍ക്കുമുള്ളത്. ഗവര്‍ണര്‍ ഭരണം കൂടുതല്‍ നിരപരാധികളെ കൊന്നൊടുക്കാനേ ഉപകരിക്കൂ. 
കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നടപ്പിലാക്കിയതിലൂടെ 'ജഗമോഹന്‍ കാലഘട്ടം' തിരിച്ചു കൊണ്ടുവരികയാണ്‌. 
 അടിസ്ഥാന സൗകര്യങ്ങള്‍ അട്ടിമറിക്കാനും നിരപരാധികളെ കൂട്ടക്കൊല ചെയ്യാനും മാത്രമേ ഇത് ഉപകരിക്കൂ. 

കശ്മീര്‍ താഴ്വരയിലും ജമ്മുവിലും ആര്‍എസ്എസിന്‍റെ അജണ്ടയാണ് മെഹബൂബ മുഫ്തി നടപ്പാക്കിയിരുന്നത്. റമദാന്‍ മാസത്തില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വെറുമൊരു നാടകം മാത്രമായിരുന്നു എന്നും ഇ-മെയിലില്‍ പറയുന്നു. എട്ടു ലക്ഷത്തോളം ഇന്ത്യന്‍ സൈനികരാണ് ജമ്മു കശ്മീരില്‍ അക്രമാസക്തരായി നിലകൊള്ളുന്നത്. സേനയുടെ ശക്തി ഉപയോഗിച്ച് അവര്‍ സാധാരണ ജനങ്ങളെ അടിച്ചമർത്തുകയാണ് എന്നും മെയിലില്‍ കുറിച്ചിട്ടുണ്ട്. 

കശ്മീരി ജനത അടിമത്തത്തിലേയ്ക്ക് അടിച്ചമര്‍ത്തപ്പെട്ടു. ഓപ്പറേഷന്‍ ഓള്‍ ഔട്ടിന്‍റെ പേരില്‍ നിരപരാധികളായ കശ്മീരികളെയാണ് ഇന്ത്യന്‍ സേന കൊന്നൊടുക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി ജമ്മു കശ്മീരില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ലഷ്കർ ഇ തോയ്ബ കുറ്റപ്പെടുത്തുന്നു.

ജമ്മു-കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍ വരുകയും ഭീകരര്‍ക്ക് നേരെ സൈന്യം കൂടുതല്‍ ശക്തമായ ആക്രമണമുറ അഴിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. ആ അവസരത്തിലാണ് ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഭീ​ക​ര​വി​രു​ദ്ധ നീ​ക്ക​ങ്ങ​ളി​ല്‍ തീ​വ്ര​വാ​ദി​ക​ളെ​ക്കാ​ള്‍ ഏ​റെ സാധാരണ ജ​ന​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ടു​ന്ന​തെ​ന്ന് ഗുലാം നബി ആ​സാ​ദ് പ്രസ്താവിച്ചത്. കൂടാതെ ഓൾ ഔട്ട് ഓപ്പറേഷൻ കൂട്ടക്കൊലയ്ക്ക് വേണ്ടിയാണ്. നാലു ഭീകരരെ കൊല്ലുമ്പോൾ ഇരുപത് സാധാരണക്കാരെയാണ് സൈന്യം കൊല്ലുന്നതെന്നും ആസാദ് ആരോപിച്ചിരുന്നു. 

ഇതിനെ പിന്തുണച്ചാണ് ലഷ്കർ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. 

 

 

Trending News