ന്യൂഡൽഹി: ഉസ്ബക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ആരോപിക്കപ്പെട്ട കഫ് സിറപ്പ് നിർമാണം നിർത്തിവച്ചു. ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് കഫ് സിറപ്പിന്റെ നിർമാണം നിർത്തിവച്ചത്. നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമ്മിച്ച ഡോക്-1 മാക്‌സ് എന്ന കഫ് സിറപ്പ് കഴിച്ചതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ഉസ്‌ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം ആരോപിച്ചിരുന്നു.
സംഭവത്തിൽ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) അന്വേഷണം ആരംഭിച്ചു. നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമ്മിച്ച ഡോക് -1 മാക്‌സ് എന്ന കഫ് സിറപ്പാണ് 18 കുട്ടികൾ കഴിച്ചതെന്ന് ഉസ്‌ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് മരിയോൺ ബയോടെക്കിന്റെ നിയമ പ്രതിനിധി ഹസൻ ഹാരിസ് പറഞ്ഞു. തൽക്കാലം കഫ് സിറപ്പിന്റെ നിർമാണം നിർത്തിവച്ചതായും ഹസൻ ഹാരിസ് പറഞ്ഞു. കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ല. പരിശോധനകളിൽ ഒരു പ്രശ്നവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് വർഷമായി സിറപ്പ് ഉത്പാദിപ്പിക്കുന്നുണ്ട്. സർക്കാർ റിപ്പോർട്ട് വന്നാലുടൻ ഇത് സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും ഹാരിസ് പറഞ്ഞു.
സിറപ്പുകളുടെ ലബോറട്ടറി പരിശോധനയിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന വിഷ പദാർത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഉസ്‌ബെക്ക് റെഗുലേറ്ററിൽ നിന്ന് സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഡോക് 1 മാക്‌സ് സിറപ്പും ടാബ്‌ലെറ്റുകളും ജലദോഷത്തിന് എതിരായ മരുന്നുകളാണ്. ഒരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിച്ച കഫ് സിറപ്പ് കഴിച്ച് ഗാംബിയയിൽ എഴുപതോളം കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാനിൽ നിന്നും ആരോപണം ഉയരുന്നത്.
ഡോക് 1 ന്റെ എല്ലാ ഗുളികകളും കഫ് സിറപ്പുകളും വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉസ്ബെക്കിസ്ഥാൻ സർക്കാർ ഉത്തരവിട്ടു. ഏഴ് ആരോഗ്യ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റിനിർത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉസ്ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണങ്ങളിൽ സഹായിക്കാൻ തയ്യാറാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, കഫ് സിറപ്പുകളിൽ എഥിലീൻ ഗ്ലൈക്കോളിന്റെ അംശം ഉണ്ടാകരുത്. ഇത് വ്യാവസായിക നിലവാരത്തിലുള്ള ഗ്ലിസറിനിൽ കാണപ്പെടുന്നതാണ്. ഇത് മരുന്നുകളിൽ നിരോധിച്ചിരിക്കുന്ന വസ്തുവാണ്.
ഗാംബിയയിൽ സംഭവിച്ചത് എന്താണ്?
ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾ കഴിച്ച് ഗാംബിയയിൽ എഴുപതോളം കുട്ടികൾ മരിച്ചതായി ആരോപണം ഉയർന്നിരുന്നു. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച കഫ് സിറപ്പുകൾ കഴിച്ചാണ് കുട്ടികൾ മരിക്കാൻ ഇടയായതെന്നാണ് ആരോപണം ഉയർന്നത്. തുടർന്ന് ഹരിയാന ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽസ് യൂണിറ്റ് നിർമ്മാണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് അടച്ചുപൂട്ടി. എന്നാൽ, ഗാംബിയയിൽ കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ആരോപിക്കപ്പെട്ട കഫ് സിറപ്പിന്റെ സാമ്പിളുകൾ നിലവാരമുള്ളതാണെന്ന് അടുത്തിടെ കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. “സർക്കാർ അനലിസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, സാമ്പിളുകൾ നിലവാരമുള്ളതാണെന്ന് വ്യക്തമാക്കുന്നു. പ്രസ്തുത സാമ്പിളുകളിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി), എഥിലീൻ ഗ്ലൈക്കോൾ (ഇജി) എന്നിവ നെഗറ്റീവ് ആണെന്ന് കണ്ടെത്തി“യെന്നും കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...