ന്യൂഡല്‍ഹി: സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നല്‍കാതെ ബി.ജെ.പി. ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം ലാല്‍ മത്സരിക്കേണ്ടെന്ന് അറിയിച്ചതായി മുരളി മനോഹര്‍ ജോഷി വ്യക്തമാക്കി.
കാന്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയാണ് തീരുമാനം പുറത്ത് വന്നിരിക്കുന്നത്. 2014 ല്‍ മോദിക്ക് വേണ്ട് മുരളിമനോഹര്‍ ജോഷി വാരണാസി സീറ്റ് ഒഴിഞ്ഞ് കാന്‍പൂരില്‍ നിന്നും മത്സരിച്ച് ശക്തമായ വിജയം നേടിയിരുന്നു.
ചൊവ്വാഴ്ച ബിജെപി, ഉത്തർപ്രദേശിലെ സ്റ്റാർ പാർട്ടി പ്രചാരകരുടെ പട്ടിക പുറത്തിറക്കി. മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പേരുകൾ ഈ പട്ടികയിൽ ഉണ്ട്. പക്ഷേ, എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരുടെ പേരുകളൊന്നും ഇല്ല.
2014-ല്‍ ബിജെപി അധികാരത്തിലേറിയ ഉടന്‍ അദ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി ഉപദേശക സമിതിയിലേക്ക് മാറ്റിയിരുന്നു. അരുണ്‍ ഷോരി, യശ്വന്ത് സിന്‍ഹ, മുരളീ മനോഹര്‍ ജോഷി എന്നിവരായിരുന്നു ബിജെപി ഉപദേശക സമിതി പാനലിലുണ്ടായിരുന്നത്.
എന്നാല്‍ തൊട്ടടുത്ത വര്‍ഷങ്ങളിലായി ഈ നേതാക്കളെ സുപ്രധാന ചുമതലകളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ മാറ്റി നിര്‍ത്തുകയും ചെയ്തു.
അതേസമയം തേജസ്വി സൂര്യയെ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചതോടെ ബംഗളൂരു സൗത്തിൽ മോദി മത്സരിക്കുമെന്ന അഭ്യൂഹം അവസാനിച്ചു.