നീറ്റ് പിജി 2023 പരീക്ഷ മാർച്ച് 5ന് തന്നെ നടക്കും. പരീക്ഷ മാറ്റവെയ്ക്കണമെന്ന് ചില വിദ്യാർത്ഥികൾ ആവശ്യപ്പെട്ടുവെങ്കിലും നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) ഷെഡ്യൂൾ ചെയ്ത പ്രകാരം തന്നെ പരീക്ഷ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ലോക്സഭയിൽ അറിയിച്ചു. കോവിഡ് മൂലം നീറ്റ് പരീക്ഷയും കൗൺസിലിംഗും നീണ്ടുപോകുന്നത് ഒഴിവാക്കാനാണ് പരീക്ഷ നീട്ടിവെയ്ക്കണ്ട എന്ന തീരുമാനത്തിലേക്കെത്താൻ കാരണമെന്ന് മന്ത്രി വ്യക്തമാക്കി. കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അതേസമയം പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി നാളെ (ഫെബ്രുവരി 12) ആണ്. ഫെബ്രുവരി 9 മുതൽ natboard.edu.in-ൽ പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. ഇന്റേൺഷിപ്പ് കട്ട് ഓഫ് തിയതി 2023 ഓഗസ്റ്റ് 11 വരെ നീട്ടിയിട്ടുണ്ട്.
പരീക്ഷ എഴുതാൻ താൽപര്യപ്പെടുന്നവർക്ക് nbe.edu.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്. ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അധിക എഡിറ്റ് വിൻഡോ ഫെബ്രുവരി 14 മുതൽ 17 വരെ പരീക്ഷാർത്ഥികൾക്ക് നൽകുമെന്നാണ് നേരത്തെ അറിയിച്ചിട്ടുള്ളത്. നീറ്റ് പിജി 2023 അഡ്മിറ്റ് കാർഡ് ഫെബ്രുവരി 27 ന് വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പരീക്ഷ മാർച്ച് 5ന് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയാണ്. മാർച്ച് 31ന് പരീക്ഷാ ഫലം പുറത്തുവരും. 2023-24 അക്കാദമിക് സെഷനിലേക്കുള്ള എംഡി/എംഎസ്/പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഏക യോഗ്യതയും പ്രവേശനപരീക്ഷയുമാണ് നീറ്റ്.
നീറ്റ് പിജി 2023 രജിസ്ട്രേഷൻ: എങ്ങനെ അപേക്ഷിക്കാം?
1. nbe.edu.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. ഹോംപേജിൽ ലഭ്യമായ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യുക.
4. നീറ്റ് പിജി 2023 അപേക്ഷാ ഫോം പൂരിപ്പിക്കുക.
5. രജിസ്ട്രേഷൻ ഫീസ് അടച്ച് അപേക്ഷാ ഫോം സമർപ്പിക്കുക.
6. ഇത് ഡൗൺലോഡ് ചെയ്‌ത് പ്രിന്റൗട്ട് എടുത്ത് വെയ്ക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...