നിര്‍മ്മല സീതാരാമന്‍ മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി

അടുത്ത ആഴ്ചയാണ് നിര്‍മ്മല തന്‍റെ ആദ്യ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ഇന്ദിരാഗാന്ധിക്കുശേഷം രാജ്യത്തെ ധനമന്ത്രി പദം വഹിക്കുന്ന ആദ്യ വനിതയാണ്‌ നിര്‍മ്മല സീതാരാമന്‍.  

Last Updated : Jun 27, 2019, 04:05 PM IST
നിര്‍മ്മല സീതാരാമന്‍ മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. മന്‍മോഹന്‍സിംഗിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.   

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് മന്‍മോഹന്‍ സിംഗിനെ ഔദ്യോഗിക വസതിയിലെത്തി നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിച്ചത്. 

അടുത്ത ആഴ്ചയാണ് നിര്‍മ്മല തന്‍റെ ആദ്യ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ഇന്ദിരാഗാന്ധിക്കുശേഷം രാജ്യത്തെ ധനമന്ത്രി പദം വഹിക്കുന്ന ആദ്യ വനിതയാണ്‌ നിര്‍മ്മല സീതാരാമന്‍.

നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ 1991 ല്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരിലാണ് മന്‍മോഹന്‍ സിംഗ് ശ്രദ്ധേയനായതെങ്കിലും ഇത്തവണത്തെ ബജറ്റ് സമ്മേളനത്തില്‍ അദ്ദേഹം ഉണ്ടാവില്ല. മൂന്ന് പതിറ്റാണ്ടിനിടെ മന്‍മോഹന്‍ സിംഗ് ഇല്ലാതെയുള്ള ആദ്യ ബജറ്റ് സമ്മേളനമാണിത്. 

രാജ്യസഭാംഗമായിരുന്ന അദ്ദേഹത്തിന്‍റെ കാലാവധി അടുത്ത് അവസാനിച്ചിരിന്നു. നിര്‍മ്മല സീതാരാമന്‍ ധനമന്ത്രിയായതിനുശേഷം ആദ്യമായാണ് മന്‍മോഹന്‍സിംഗുമായി കൂടിക്കാഴ്ച
നടത്തുന്നത്.

എങ്കിലും ബിജെപി ധനമന്ത്രിമാര്‍ ആദ്യമായല്ല മന്‍മോഹന്‍സിംഗിനെ കാണുന്നത്. ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്‌റ്റ്ലിയും മന്‍മോഹന്‍സിംഗിനെ കണ്ടിരുന്നു.

Trending News