ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ നിരയ്ക്ക് കരുത്ത് പകരാൻ ഒപ്പമുണ്ടാകുമെന്ന ഉറപ്പുനൽകി ജനതാദൾ (സെക്കുലർ) തലവനും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്കൊപ്പം നിൽക്കുമെന്നും ഇടതുപാർട്ടികൾ പിന്തുണയ്ക്കുന്നവരെ ജെഡിഎസും പിന്തുണയ്ക്കുമെന്നും എച്ച്‌ഡി ദേവഗൗഡ ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.
ദേവഗൗഡയെ പ്രധാനമന്ത്രിയാക്കുന്നതിന് പ്രധാന പങ്കുവഹിച്ചത് സിപിഎമ്മാണ്. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവാണ് ദേവഗൗഡയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ 2024ൽ ഇടതുപാർട്ടികൾക്കൊപ്പം നിൽക്കുമെന്ന് ഇപ്പോൾ ദേവഗൗഡ പറയുമ്പോൾ ഇടതുപാർട്ടികൾക്കുള്ള പ്രീതി തന്റെ ചുവടുവെപ്പിലൂടെ തിരിച്ചുനൽകാൻ ദേവഗൗഡ ആഗ്രഹിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് – സിപിഎം ധാരണയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സിപിഎം ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ബാഗേപള്ളിയില്‍ ജെഡിഎസ് സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിക്കാൻ തീരുമാനിച്ചിരുന്നു. സിപിഎം നേതാക്കള്‍ ദേവഗൗഡ, കുമാരസ്വാമി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി നിലനിർത്താനുള്ള സഹായം കൂടിയാണിത്. കേരള, തമിഴ്നാട്, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറത്ത് നാലാമതൊരു സംസ്ഥാനത്ത് കൂടി ജനപ്രതിനിധി ഉണ്ടായില്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി പോലും ചോദ്യം ചെയ്യപ്പെടാമെന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നീക്കം.
ALSO READ: Karnataka Assembly Election 2023: BJP നേതാവ് ലക്ഷ്മൺ സാവഡി കോൺഗ്രസില്‍, അതാനി സീറ്റിൽ മത്സരിക്കും
അടുത്തിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പുറമെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. ഈ യോഗങ്ങൾക്ക് ശേഷം പ്രതിപക്ഷ സഖ്യത്തെക്കുറിച്ചുള്ള ചർച്ച വീണ്ടും ശക്തമായി. അദാനി-ഹിൻഡൻബർഗ് കേസിൽ പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യത്തിലും പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ ഒറ്റക്കെട്ടാണ്.
ആർജെഡി ചീഫും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെക്കാണാൻ മുഖ്യമന്ത്രി നിതീഷ്കുമാർ ഡൽഹിയിൽ എത്തിയതും പ്രതിപക്ഷ ഐക്യത്തെ ഊട്ടിയുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയുടെ ഉദ്ദേശം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുകയെന്നതായിരുന്നു. ജോലിക്ക് പകരം ഭൂമി അഴിമതികേസിൽ ലാലുവിന്‍റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെയാണ് ബിഹാറിലെ ഇരു രാഷ്ട്രീയ നേതാക്കളുടെയും കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഒന്നിച്ചുനിൽക്കണമെന്ന് പ്രതിപക്ഷ പാർട്ടികളോട് നിതീഷ് കുമാർ നേരത്തെ തന്നെ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ കക്ഷികൾ എല്ലാം ഒന്നിച്ചുനിന്നാൽ അടുത്തവണ ബിജെപിയെ നൂറിൽ താഴെ സീറ്റിലേക്ക് ചുരുക്കാമെന്നും നിതീഷ് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് ഉടൻ തീരുമാനമെടുക്കണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് നിതീഷ് മുൻപ് ശരത് പവാർ, ഡി.രാജ, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...