ന്യൂഡല്‍ഹി: കോവിഡിന്‍റെ മറവില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍...
ഇത്തവണത്തെ പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തില്‍ (Parliament Session) ചോദ്യോത്തര വേള ഒഴിവാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കോവിഡിന്‍റെ പേരു പറഞ്ഞാണ് ഈ നീക്കം. ഇതുസംബന്ധിച്ച് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി പാര്‍മെന്‍ററി കാര്യ മന്ത്രി ചര്‍ച്ച നടത്തി. സഭാ അദ്ധ്യക്ഷന്‍മാര്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
15 ദിവവസം മുന്‍പുതന്നെ എം.പിമാരോട് ചോദ്യങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 14നാണ് സമ്മേളനം ആരംഭിക്കുന്നത്.
എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കോവിഡിന്‍റെ മറവില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണ് ബി.ജെ.പി സര്‍ക്കാറെന്ന് അവര്‍ കുറ്റപ്പെടുത്തി.
ചോദ്യോത്തര വേള ഒഴിവാക്കുന്നതോടെ പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം നഷ്ടപ്പെടും. 1950ന് ശേഷം ആദ്യമാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടാവുന്നത്. പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ സമയം പഴയതുപോലെ തന്നെയില്ലേ? പിന്നെന്തിനാണ് ചോദ്യോത്തര വേള ഒഴിവാക്കുന്നത്. മഹാമാരിയുടെ പേരില്‍ ജനാധിപത്യത്തെ കൊല്ലുകയാണ്'- തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭാഎം.പി ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു.