ന്യൂ ഡൽഹി: ഡൽഹിയിലെ അഞ്ച് റോഡുകളുടെ പേര് മാറ്റണമെന്ന നിർദേശവുമായി ഡൽഹി ബിജെപി അധ്യക്ഷൻ ആധേഷ് ഗുപ്ത. അക്ബർ റോഡ്, ഹുമയൂണ്‍ റോഡ്, തുഗ്ലക്ക് റോഡ് , ഔറംഗസേബ് ലെയ്ൻ, ഷാജഹാൻ റോഡ് എന്നീ റോഡുകളുടെ പേര് മാറ്റാനാണ് ബിജെപി നീക്കം. മുസ്ലീം അടിമത്വത്തിന്റെ പ്രതീകമായ ഈ പേരുകൾ പുനർനാമകരണം ചെയ്യണമെന്നാണ് ഡൽഹി ബിജെപിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഡൽഹി മുനിസിപ്പിൽ കൗൺസിലിന് ആധേഷ് ഗുപ്ത കത്തെഴുതി.
തുഗ്ലക്ക് റോഡിന് ഗുരു ഗോവിന്ദ് സിങ് മാർഗ് എന്നും, അക്ബർ റോഡിന് മഹാറാണ പ്രതാപ് റോഡ്, ഔറംഗസീബ് ലെയ്ന് അബ്ദുൾ കലാം ലെയ്ൻ എന്നും, ഹുമയൂൺ റോഡിന് മഹർഷി വാൽമീകി റോഡെന്നും, ഷാജഹാൻ റോഡിന് ജനറൽ ബിപിൻ റാവത്തിന്റെ പേരുമാണ് ഗുപ്ത നിർദേശിച്ചത്. ബാബർ ലെയ്ന് സ്വാതന്ത്യ സമര സേനാനി ഖുദിറാം ബോസിന്റെ പേരും നിർദേശിക്കുന്നു. 24, അക്ബർ ലെയ്നിലാണ് കോൺഗ്രസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള ഉന്നത സർക്കാർ ഓഫീസുകളും വസതികളുമുള്ള തലസ്ഥാനത്തെ അധികാരകേന്ദ്രമായ സെൻട്രൽ ഡൽഹിയിലെ റോഡുകളുടെ അധികാരപരിധിയിലുള്ള സിവിൽ ബോഡിയായ ന്യൂ ഡൽഹി മുനിസിപ്പൽ കൗൺസിൽ പാനലാണ് ഈ മാറ്റങ്ങളിൽ തീരുമാനമെടുക്കുക. ചെയർപേഴ്‌സന്റെ നേതൃത്വത്തിലുള്ള 13 അംഗ ബോഡിയായ എൻഡിഎംസി കൗൺസിലിന് മുന്നിൽ
ഈ ആവശ്യങ്ങൾ സമർപ്പിക്കുകയും ചെയ്തു.
റോഡുകളുടെ പുനർനാമികരണത്തിന് ചരിത്രം, വികാരം, വ്യക്തിയെ ഈ രീതിയിൽ അംഗീകരിക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിഗണിക്കുന്നത്. 2014-ൽ ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം ഡൽഹിയിലും ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും പേരുമാറ്റൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു.
2015ൽ ഔറംഗസേബ് റോഡ് മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ പേരിലാക്കിയിരുന്നു. ഒരു വർഷത്തിനുശേഷം, പ്രധാനമന്ത്രിയുടെ വസതിയുടെ വിലാസമായ റേസ് കോഴ്‌സ് റോഡ് "ലോക് കല്യാൺ മാർഗ്" എന്നാക്കുകയും ചെയ്തു. ചരിത്രവുമായി ബന്ധമുള്ള പേരിലെ മാറ്റങ്ങളെ ചരിത്രകാരന്മാർ എതിർക്കുമ്പോൾ, മുഗൾ, കൊളോണിയൽ ഭരണത്തിൻ കീഴിലുള്ള അടിമത്തത്തിന്റെ പ്രതീകങ്ങൾ ഇല്ലാതാക്കിക്കാനാണ് ബിജെപി നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...