Russia - Ukraine War : ഇന്ധന വില മുതൽ ചൈന വരെ: റഷ്യ - യുക്രൈൻ യുദ്ധം ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

യുദ്ധത്തിന്റെ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങളുടെ വില വൻ തോതിൽ വർധിക്കും. 

Written by - Zee Malayalam News Desk | Last Updated : Feb 24, 2022, 04:59 PM IST
  • ഫെബ്രുവരി 16 ബുധനാഴ്ച മുതൽ തുടർച്ചയായ ഏഴ് ദിവസങ്ങളായി ഓഹരി വിപണി തുടർച്ചയായി നഷ്ടത്തിൽ തന്നെ തുടരുകയാണ്.
  • അമേരിക്കയും യുകെയും അടക്കമുള്ള നിരവധി രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഓഹരി വിപണി നഷ്ടത്തിൽ ആകാൻ ആരംഭിച്ചത്
  • യുദ്ധത്തിന്റെ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങളുടെ വില വൻ തോതിൽ വർധിക്കും.
  • യുദ്ധം മുറുക്കുന്ന സാഹചഹര്യത്തിൽ ഇന്ത്യയിൽ ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ വില വൻ തോതിൽ വർധിക്കും.
Russia - Ukraine War : ഇന്ധന വില മുതൽ ചൈന വരെ: റഷ്യ - യുക്രൈൻ യുദ്ധം ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ഓഹരി വിപണിയിൽ വൻ ഇടിവ് സംഭവിച്ചു. ഫെബ്രുവരി 16 ബുധനാഴ്ച മുതൽ തുടർച്ചയായ ഏഴ് ദിവസങ്ങളായി ഓഹരി വിപണി തുടർച്ചയായി നഷ്ടത്തിൽ തന്നെ തുടരുകയാണ്. അമേരിക്കയും യുകെയും അടക്കമുള്ള നിരവധി രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഓഹരി വിപണി നഷ്ടത്തിൽ ആകാൻ ആരംഭിച്ചത്. റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത് ഇന്ത്യയെ എങ്ങനെയൊക്കെ ബാധിക്കും.

ഇന്ധന വില

യുദ്ധത്തിന്റെ സാഹചര്യം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ധന വിലയെ ആയിരിക്കുമെന്നാണ് കരുതുന്നത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അന്താരഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100  ഡോളറുകളായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധന വില ഏറ്റവും കുറഞ്ഞത് 7 മുതൽ 8 രൂപവരെയെങ്കിലും വർധിക്കാനാണ് സാധ്യത. കണക്കുകൾ അനുസരിച്ച് ആഗോള തലത്തിൽ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ പത്ത് ശതമാനവും ഉത്പാദിപ്പിക്കുന്നത് റഷ്യയിൽ നിന്നാണ്. യുദ്ധ സമാനമായ സാഹചര്യം നിലവിൽ വരികെയാണെങ്കിൽ ആഗോളതലത്തിൽ ക്രൂഡ് ഓയിലിന് വൻ ക്ഷാമം നേരിടും. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന എണ്ണയുടെ അളവ് വളരെ കുറവാണ്. എന്നാൽ അന്താരഷ്ട്ര തലത്തിൽക് അസംസ്‌കൃത എണ്ണയ്ക്ക് വര്ധനവുണ്ടായാൽ അത് ഉറപ്പായും ഇന്ത്യയെയും ബാധിക്കും. 2021 നവംബറിന് ശേഷം 30 ശതമാനത്തിലധികമാണ്  എണ്ണവിലയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. എണ്ണവിലയെ മാത്രമല്ല സ്വര്‍ണവിലയേയും  റഷ്യ-യുക്രൈൻ പ്രതിസന്ധി  ബാധിച്ചിട്ടുണ്ട്. ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.1%  ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി.

യുക്രൈനിലെ ഇന്ത്യക്കാർ 

യുക്രൈനിൽ 20000 ത്തിലധികം ഇന്ത്യൻ പൗരന്മാരാണ് ഉള്ളത്. ഇതിൽ കൂടുതലും മെഡിക്കൽ വിദ്യാർഥികളും ഫാർമ, ഐടി, എഞ്ചിനിയറിങ് മേഖലകളിൽ ജോലി ചെയ്യുന്നവരും ബിസിനസ് പ്രൊഫഷണലുകളുമാണ്. നിലവിൽ ഇവരുടെ കാര്യത്തിൽ ഇന്ത്യയും അതീവ ആശങ്കയിലാണ്. വ്യോമപാത അടക്കുകയും, വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്ത് സാഹചര്യത്തിൽ നിരവധി പേരാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. ഇവിടത്തെ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ച് വരികെയാണ്.  കൂടാതെ മറ്റ് രാജ്യങ്ങളോട് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭക്ഷ്യ എണ്ണ

യുദ്ധം മുറുക്കുന്ന സാഹചഹര്യത്തിൽ ഇന്ത്യയിൽ ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ വില വൻ തോതിൽ വർധിക്കും. ഇതിന് കാരണം ലോകത്തെമ്പാടും ഉള്ളവർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സൺഫ്ലവർ ഓയിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് യുക്രൈൻ. കീവിൽ നിന്നുള്ള സൺഫ്ലവർ ഓയിൽ കയറ്റുമതി നിലച്ചാൽ പാം ഓയിലിന്റെയും, സോയാബീൻ ഓയിലിന്റെയും മറ്റ് എണ്ണയുടെയും വില വൻതോതിൽ വർധിക്കും.

 എൽഎൻജി 

ഇന്ത്യയിൽ ആകെ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ പകുതിയും ഇറക്കുമതി ചെയ്യുന്ന എൽഎൻജി അല്ലെങ്കിൽ ലിക്യുഫൈഡ് നാച്ചുറൽ ഗ്യാസാണ്. ഇന്ത്യ റഷ്യയിൽ നിന്ന് എൽഎൻജി കാര്യമായി ഇറക്കുമതി ചെയ്യുന്നില്ല. എന്നാൽ യുദ്ധം ആഗോളതലത്തിൽ ലിക്യുഫൈഡ് നാച്ചുറൽ ഗ്യാസിന്റെ വില വർധിക്കാൻ കാരണമാകും. ഇതുമൂലം ഇന്ത്യയിലും ഇതിന്റെ വില വർധിക്കും.

ഇത്കൂടാതെ ആഗോളതലത്തിൽ ഇന്ധന വിലയും ഇതോടെ വൻതോതിൽ വർധിക്കും. യൂറോപ്യൻ രാജ്യങ്ങളുടെ ആകെ ഇന്ധന ആവശ്യത്തിന്റെ 40 ശതമാനവും നിറവേറ്റുന്നത്   എൽഎൻജിയാണ്. അതിൽ 25 ശതമാനവും എത്തുന്നത് റഷ്യയിൽ നിന്നുമാണ്. യുദ്ധത്തിന്റെ സാഹചര്യത്തിൽ ജർമ്മനി റഷ്യയിൽ നിന്ന് നടത്താനിരുന്ന നോർഡ് 2 ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നിർത്തിവെച്ചിരുന്നു. റഷ്യയിൽ നിന്ന് കൂടുതൽ എൽഎൻജി യൂറോപ്യൻ രാജ്യങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതിയായിരുന്നു ഇത്.

ഭക്ഷണം

യുദ്ധത്തിന്റെ സാഹച്ചര്യത്തിൽ ഭക്ഷണ സാധനങ്ങളുടെ വില വൻ തോതിൽ വർധിക്കും. ചില രാജ്യങ്ങളിൽ ഭക്ഷ്യ ക്ഷാമത്തിന് പോലും സാധ്യതയുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റി അയക്കുന്ന രാജ്യം റഷ്യയാണ്. യുക്രൈനും വൻ തോതിൽ ഭക്ഷ്യ സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്. ഈജിപ്ത്, തുർക്കി, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ രാജ്യങ്ങൾ കൂടുതലായി റഷ്യയിൽ നിന്നുള്ള കയറ്റുമതിയിലാണ് ആശ്രയിക്കുന്നത്.

ലോകത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന ഉക്രെയ്ൻ, റഷ്യ, കസാക്കിസ്ഥാൻ, റൊമാനിയ എന്നീ രാജ്യങ്ങൾ പ്രധാനമായും കരിങ്കടൽ വഴിയാണ് കയറ്റുമതി നടത്തുന്നത്. എന്നാൽ യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും സാഹചര്യത്തിൽ ഇത് തടസപ്പെടുകയും ഭക്ഷണ സാധനങ്ങളുടെ വില വർധിക്കുകയും ചെയ്യും. ആഗോളതലത്തിൽ വര്ധനയുണ്ടാകുമ്പോൾ അത് ഇന്ത്യയെയും ബാധിക്കും. കൂടാതെ ഇന്ധന വില വർധിക്കുന്നത് സ്ഥിതി കൂടുതൽ രൂക്ഷമാക്കും.

ചൈന

ഇന്ത്യക്ക് ചൈന വലിയ തലവേദനയായി മാറിയിരിക്കുകയാണ്. 2020 ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം രൂക്ഷമായിരുന്നു. ഇതേ സമയം ചൈനയും അമേരിക്കയും തമ്മിലും നിരവധി പ്രശ്‍നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ റഷ്യ - യുക്രൈൻ പ്രശ്നത്തിൽ ഇന്ത്യ യുക്രൈനിന് പിന്തുണ നൽകിയാൽ ഇന്ത്യക്ക് അത് പ്രശ്‌നമായി മാറാൻ സാധ്യതയുണ്ട്. റഷ്യക്കും ചൈനയ്ക്കും തമ്മിൽ 30 വർഷങ്ങളായി നീണ്ട് നിൽക്കുന്ന ഗ്യാസ് കോൺട്രാക്ട് ഉള്ള സാഹചര്യത്തിൽ റഷ്യയും ചൈനയും ചേർന്നാൽ അത് ഇന്ത്യക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

Trending News