മീ ടൂവില്‍ കുടുങ്ങി അമിതാഭ് ബച്ചനും?

''മറികടക്കാന്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല കൈകള്‍ മുഴുവന്‍ കടിക്കണം''

Last Updated : Oct 13, 2018, 10:52 AM IST
മീ ടൂവില്‍ കുടുങ്ങി അമിതാഭ് ബച്ചനും?

സിനിമ ലോകത്ത് ചൂട് പിടിക്കുന്ന ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന  മീ ടൂ ക്യാംപയിനിനെ പിന്തുണച്ച് രംഗത്തെത്തിയ വ്യക്തിയായിരുന്നു ബോളിവുഡ് താര രാജാവായ അമിതാഭ് ബച്ചന്‍. 

എന്നാലിപ്പോള്‍ അദ്ദേഹത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സെലിബ്രേറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് സപ്ന ഭവ്‌നാനി. ബച്ചനെ കുറിച്ചുള്ള സത്യങ്ങള്‍ ഉടന്‍ പുറത്തു വരുമെന്നായിരുന്നു സപ്നയുടെ മുന്നറിയിപ്പ്. 

ഇന്ത്യന്‍ സിനിമയുടെ കാരണവര്‍ സ്ഥാനം അലങ്കരിക്കുന്ന അമിതാഭ് ബച്ചന് നേരെ വിരല്‍ ചൂണ്ടുന്ന ഈ സന്ദേശം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സപ്ന പങ്ക് വെച്ചിരിക്കുന്നത്. 

''പിങ്ക്'' എന്ന അമിതാഭ് ചിത്രം തീയറ്ററുകളില്‍ നിന്നും തിരിച്ചുപോയത് പോലെ ബച്ചന്‍റെ ആക്ടിവിസവും വൈകാതെ തിരിച്ചു പോകുമെന്നാണ് സപ്ന പറയുന്നത്. 

കൂടാതെ, വെളുപ്പെടുത്തലുകള്‍ ഉണ്ടാകുമ്പോള്‍ സംഭവിക്കാവുന്ന മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല കൈകള്‍ മുഴുവന്‍ കടിക്കേണ്ട അവസ്ഥയാവുമെന്ന്  സപ്ന കൂട്ടിച്ചേര്‍ത്തു. 

ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിച്ചതോടെ സപ്നയ്ക്കെതിരെ വധഭീഷണി ഉണ്ടായെന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, അങ്ങനെയൊരു സംഭവം ഉണ്ടായതായി തനിക്കറിയില്ലെന്നായിരുന്നു സപ്നയുടെ മറുപടി. 

കൂടാതെ, തന്നോട് ഒരിക്കലും ബച്ചന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും അങ്ങനെ പെരുമാറിയതായി താന്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും സപ്ന മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.

എന്നാല്‍, ബച്ചന്‍റെ ഭാഗത്ത് നിന്നും അങ്ങനെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള ധാരാളം സ്ത്രീകളെ തനിക്കറിയാമെന്നും അവര്‍ക്ക് പ്രചോദനം നല്‍കുക മാത്രമാണ് താന്‍ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്നും സപ്ന വെളിപ്പെടുത്തി. 

ബോളിവുഡ് താരങ്ങളായ അലോക് നാഥിനെതിരെയും നാനാ പടേക്കറിനുമെതിരായ മീടൂ വെളിപ്പെടുത്തലുകളില്‍ മൗനം പാലിച്ച അമിതാഭ് ബച്ചന്‍ പിറന്നാള്‍ ദിനത്തിലാണ് മീടൂ ക്യാംപയിനെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയത്.

''ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തില്‍. അത്തരം അതിക്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം” അമിതാഭ് ബച്ചന്‍ പറഞ്ഞു. 

സ്ത്രീകളും കുട്ടികളുമാണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കണമെന്നും ബച്ചന്‍ പറഞ്ഞിരുന്നു.
 

Trending News