ജയലളിതയുടെ മരണം: സംശയം തീര്‍ക്കേണ്ടത് സർക്കാരിന്‍റെ കടമ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഒ.പന്നീർസെൽവം

മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ എല്ലാവർക്കും സംശയമുണ്ടെന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നും തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ.പന്നീർസെൽവം. ഇത് സർക്കാരിന്‍റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ വസതിക്ക് മുന്നിൽ മാധ്യമങ്ങളോടാണ് ഒ.പി.എസ് ഇക്കാര്യം വ്യക്തമാക്കിയത്.

Last Updated : Feb 8, 2017, 01:14 PM IST
ജയലളിതയുടെ മരണം: സംശയം തീര്‍ക്കേണ്ടത് സർക്കാരിന്‍റെ കടമ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഒ.പന്നീർസെൽവം

ചെന്നൈ: മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ എല്ലാവർക്കും സംശയമുണ്ടെന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നും തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ.പന്നീർസെൽവം. ഇത് സർക്കാരിന്‍റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ വസതിക്ക് മുന്നിൽ മാധ്യമങ്ങളോടാണ് ഒ.പി.എസ് ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടു ദിവസം മുമ്പ് ഗവർണർക്ക് രാജി സമർപ്പിച്ച പന്നീർസെൽവം പ്രവർത്തകർ ആവശ്യപ്പെട്ടാൽ രാജി പിൻവലിക്കുമെന്നും അറിയിച്ചു. ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണർ തമിഴ്നാട്ടിൽ തിരിച്ചെത്തിയാലുടൻ അദ്ദേഹത്തെ സന്ദർശിക്കുമെന്നും പന്നീർസെൽവം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാർട്ടിയെ താൻ ഒരിക്കലും ഉപേക്ഷിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. അധികാരത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും പാർട്ടിയെ ചതിക്കില്ല. പാർട്ടിയുടെ ഒത്തൊരുമയ്ക്ക് വേണ്ടിയാണ് താൻ എല്ലാക്കാലവും പ്രവർത്തിച്ചതെന്നും തന്‍റെ നീക്കത്തിന് പിന്നിൽ ബിജെപിയാണെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പ്രവർത്തകരുടെ വൻ നിരയാണ് ഒ.പി.എസിന്‍റെ ചെന്നൈയിലെ വസതിക്ക് മുന്നിൽ കാത്തുനിൽക്കുന്നത്. ശശികലയെ എതിർക്കുന്ന ഒരു വിഭാഗം നേതാക്കളും അദ്ദേഹത്തിന് ഒപ്പം മാധ്യമങ്ങളെ കാണാൻ എത്തിയിരുന്നു. കരഘോഷത്തോടെയാണ് പ്രവർത്തകർ ഒ.പി.എസിന്‍റെ വാക്കുകൾ ശ്രവിച്ചത്. 

Trending News