ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന ഭരണഘടനയുടെ 377-ാം വകുപ്പ് റദ്ദ് ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്ന്.
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്‍ത്തകന്‍ നവ്തേജ് സിംഗ് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്‌റ തുടങ്ങിയവര്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജികള്‍ പരിഗണിച്ച ശേഷമാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് മൗലിക അവകാശത്തിന്‍റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഈ വകുപ്പ് റദ്ദാക്കിയാല്‍ ലൈംഗീക ന്യൂനപക്ഷങ്ങളോടുള്ള സമൂഹത്തിന്‍റെ മനോഭാവത്തില്‍ മാറ്റമുണ്ടാകുമെന്നാണ് ഹര്‍ജിക്കാരുടെ പക്ഷം. കൂടാതെ, ഇതൊരു സമൂഹത്തിന്‍റെ പ്രശ്‌നമാണെന്നും സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഭാഗമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ഇക്കാരത്തില്‍ നിഷ്പക്ഷ നിലപാടാണ് കേന്ദ്ര സര്‍ക്കരിന്‍റെത്. കോടതിയ്ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നാണ് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ മൃഗങ്ങളുമായുള്ള ലൈംഗിക വേഴ്ച, സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വിവാഹം, വേര്‍പിരിയല്‍, ദത്തെടുക്കല്‍ എന്നിവ അനുവദിക്കാനാകില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
അതേസമയം, ഈ വിഷയത്തില്‍ വിവിധ മത സംഘടനകള്‍ വ്യത്യസ്ഥ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. സ്വവര്‍ഗ്ഗരതി ക്രിമിനല്‍ ക്രുറ്റമല്ലാതാക്കേണ്ടത് പാര്‍ലമെന്‍റാണെന്ന് ഹര്‍ജിക്കാരെ എതിര്‍ത്ത് ക്രൈസ്തവ സംഘനകള്‍ വാദിച്ചിരുന്നു.
രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദവും അവഗണനയുമാണ് എല്‍ജിബിടി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശിച്ചിരുന്നു. 377-ാം വകുപ്പ് ഇല്ലാതാകുന്നതോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും കോടതി പറഞ്ഞിരുന്നു. കൂടാതെ, ലിംഗവ്യത്യാസഓ കൂടാതെ, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി.
അതുകൂടാതെ, 150 വര്‍ഷത്തിലധികം പഴക്കമുള്ള 377 വകുപ്പ് എടുത്തുകളയണമെന്ന് നിയമകമ്മീഷന്‍റെ 172-ാം റിപ്പോര്‍ട്ടും ശുപാര്‍ശ ചെയ്തിരുന്നു.
4 ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക.