ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം സത്യമല്ലെന്ന്‍ അന്താരാഷ്ട്ര വേദികളില്‍ ഇപ്പോഴും പാകിസ്താന്‍ കള്ളപ്രചരണം തുടരുന്നതിനിടയില്‍ ആക്രമണം സാക്ഷ്യപ്പെടുത്തിക്കൊണ്ട് പാക് അധീന കശ്മീരില്‍ ലഷ്‌ക്കര്‍ ക്യാമ്പിന് സമീപമുള്ള ദൃക്‌സാക്ഷികള്‍ രംഗത്ത്.
പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ കമാന്‍ഡോ ആക്രമണം നടത്തിയതായും ഇന്ത്യന്‍ കമാന്‍ഡോകള്‍ മടങ്ങിയ ശേഷം ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പാക് സേന ട്രക്കുകളില്‍ കയറ്റിക്കൊണ്ടു പോയി വിദൂര സ്ഥലത്ത് മറവ് ചെയ്തതായും പാക് അധീനകശ്മീരില്‍ ആക്രമണ ദൃക്സാക്ഷികള്‍ പറയുന്നു.
പാക് സൈന്യത്തിന്‍റെയും, ലഷ്ക്കര്‍ ക്യാമ്പും പ്രവര്‍ത്തിക്കുന്ന അല്‍ഹാവി ബ്രിഡ്ജിലെ കെട്ടിടത്തില്‍ വന്‍ സ്ഫോടനമാണ് ഉണ്ടായതെന്നും വലിയ ശബ്ദങ്ങള്‍ അവിടെനിന്നു ഉയര്‍ന്നു കേട്ടുവെന്നും ഇവര്‍ പറഞ്ഞു.. പാക് ഭീകരര്‍ തമ്പടിച്ചിരുന്ന മിക്ക ഇടങ്ങളും ഇന്ത്യന്‍ കമാന്‍ഡോകളുടെ ആക്രമണത്തില്‍ നാമാവശേഷമായെന്നും ഇവര്‍ പറയുന്നു.
പാക് അധീന കശ്മീരില്‍ തീവ്രവാദി താവളത്തിലേക്ക് കടന്നു ചെന്ന് ഏഴ് ക്യാമ്പുകള്‍ തകര്‍ത്തതായും 38 പേരെ കൊലപ്പെടുത്തിയതായുമായിരുന്നു ഇന്ത്യന്‍ സൈന്യം അവകാശപ്പെട്ടത്. എന്നാല്‍ മിന്നലാക്രമണമല്ലെന്നും സാധാരണ രീതിയിലുള്ള സൈനിക ഏറ്റുമുട്ടല്‍ മാത്രമായിരുന്നെന്നുമാണ് പാകിസ്താന്‍റെ വാദം.
അതേ സമയം പാക്കിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവായ നസീര്‍ ഖാന്‍ ജനൂജയെ വിളിച്ച് ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവുകള്‍ കൈമാറിയാതായും വാര്‍ത്തയുണ്ട്. തുടരാക്രമണം ഉണ്ടായാല്‍ കൈയും കെട്ടി നില്‍ക്കില്ലെന്നും ഡോവല്‍ ജനൂജയെ മുന്നറിയിപ്പും നല്‍കിയതായാണ് വാര്‍ത്ത.