ചെന്നൈ : വിദ്യാർഥി ആത്മഹത്യകൾ തമിഴ്നാട്ടിൽ തുടർക്കഥയാകുന്നു. ശിവഗംഗ ജില്ലയിലെ കാരിയ്ക്കുടിയലാണ് മറ്റൊരു വിദ്യാർഥി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് പുറത്ത് വരുന്നത്. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം മൂന്നായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 5 വിദ്യാർഥികളാണ് ദുരൂഹത നിറച്ച് ആത്മഹത്യ ചെയ്തിരിക്കുന്നത്.
കാരിയ്ക്കുടയിൽ 12-ാം ക്ലാസ് വിദ്യാർഥിയാണ് തുങ്ങി മരിച്ചിരിക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഓട്ടോപ്സി പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയെന്ന് കാരിയ്ക്കുടി ഡിഎസ്പി വിനോജ് അറിയിച്ചതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
TN | A class 12 student hanged himself at his home near Karaikudi in Sivagangai dist. A case has been registered and we're investigating. His autopsy was completed. The body was handed over to his parents: Karaikudi DSP Vinoj
This is fifth such instance in the state this month
— ANI (@ANI) July 27, 2022
ഇന്ന് രാവിലെ ശിവകാശിക്ക് സമീപം അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തിരുന്നു. കടലൂരിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് മറ്റൊരു വിദ്യാർഥി ആത്മഹത്യ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തമിഴ്നാട്ടിൽ നടക്കുന്ന നാലാമത്തെ വിദ്യാർഥി ആത്മഹത്യയാണ് അയ്യംപെട്ടിയിലെ വിദ്യാർഥിയുടേത്. കള്ളക്കുറിച്ചിയിൽ അധ്യാപകരുടെ പീഡനത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. കഴിഞ്ഞയാഴ്ച വലിയ അക്രമസംഭവങ്ങൾ നടന്ന കള്ളക്കുറിച്ചിയിലെ സ്കൂളിലും പരിസരത്തും നിരോധനാജ്ഞ തുടരുകയാണ്. കഴിഞ്ഞയാഴ്ച തിരുവള്ളൂർ ജില്ലയിലെ സർക്കാർ സ്കൂൾ വിദ്യാർഥിയും തൂങ്ങമരിച്ചു.
അതേസമയം, കൗമാരക്കാരായ വിദ്യാർത്ഥിനികളുടെ മരണത്തിൽ ആശങ്ക പ്രകടിപ്പിച്ച തമിഴ് നാട് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് വരുന്നതായി വ്യക്തമാക്കി. 'മാനവർ മനസ്സ്' പദ്ധതി പ്രകാരം സ്കൂൾ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിന് 800 ഡോക്ടർമാരെ ഉടന്‍ തന്നെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൗമാരകാലത്തെ പ്രശ്‌നങ്ങൾ, പഠനസമ്മർദം, സമപ്രായക്കാരുടെ സമ്മർദ്ദം തുടങ്ങി കുട്ടികളിലെ പെരുമാറ്റ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കിടയിൽ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഈ പദ്ധതി സഹായിക്കുമെന്ന് സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി പറഞ്ഞു.
കൗമാരക്കാരായ വിദ്യാർത്ഥിനികളുടെ ആവർത്തിച്ചുള്ള ആത്മഹത്യാ മരണങ്ങളിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉത്കണ്ഠ രേഖപ്പെടുത്തി. ജീവിതം അമൂല്യമാണ്. ഏത് സാഹചര്യത്തിലായാലും ആത്മഹത്യാ ചിന്ത വെടിയണം. കുട്ടികളെ മാനസികമായും ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുന്ന സംഭവങ്ങളിൽ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും ചെന്നൈയിലെ ഒരു കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ സ്റ്റാലിൻ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.