ഇനി 'തൃണമൂല്‍' വേറെ 'കോണ്‍ഗ്രസ്' വേറെ!!

21 വർഷങ്ങൾക്ക് ശേഷമാണ് 'തൃണമൂല്‍' 'കോൺഗ്രസ്' ഔദ്യോഗികമായി വേർപിരിയുന്നത്.

Last Updated : Mar 24, 2019, 02:59 PM IST
ഇനി 'തൃണമൂല്‍' വേറെ 'കോണ്‍ഗ്രസ്' വേറെ!!

ന്യൂഡൽഹി: തൃണമൂല്‍ കോൺഗ്രസില്‍ നിന്നും 'കോണ്‍ഗ്രസ്' എടുത്തു മാറ്റി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. 

തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ലോഗോയിൽ നിന്ന് കോൺഗ്രസ് ഒഴിവാക്കി കൊണ്ടാണ് മമതയുടെ നടപടി. 21 വർഷങ്ങൾക്ക് ശേഷമാണ് 'തൃണമൂല്‍' 'കോൺഗ്രസ്' ഔദ്യോഗികമായി വേർപിരിയുന്നത്.

നീല ബാക്ഗ്രൗണ്ടിൽ പച്ച നിറത്തില്‍ തൃണമൂൽ എന്ന് എഴുതിയിരിക്കുന്ന ലോഗോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

ഇരട്ട പൂക്കളുള്ള ഈ ലോഗോയാണ് ഒരാഴ്ചയായി പാർട്ടി ഉപയോഗിക്കുന്നത്. മാറ്റത്തിനുള്ള സമയമായതിനാലാണ് ലോഗോ പരിഷ്കരിച്ചതെന്നായിരുന്നു പാര്‍ട്ടി നേതാവിന്‍റെ പ്രതികരണം. 

പാര്‍ട്ടിയുടെ ബാനറുകള്‍, പോസ്റ്ററുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ നിന്നും 'കോണ്‍ഗ്രസ്' എന്ന വാക്ക് എടുത്തുമാറ്റിയിട്ടുണ്ട്. 

എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക രേഖകളില്‍ പാര്‍ട്ടിയുടെ പേര് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് തന്നെയാകും. 

മമത ബാനര്‍ജിയെ കൂടാതെ അഭിഷേക് ബാനര്‍ജി, ഡെറക് ഓബ്രിയന്‍ തുടങ്ങിയവരും പുതിയ ലോഗോ സമൂഹ മാധ്യമങ്ങളില്‍ പങ്കു വെച്ചിട്ടുണ്ട്. 

1998ലാണ് ഭരണ കക്ഷിയായിരുന്ന സിപിഐ(എം)യോടുള്ള സമീപനത്തില്‍ പ്രതിഷേധിച്ച് മമത തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചത്.

Trending News