ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം. കേസ് നിരീക്ഷിച്ച കോടതി 7 ദിവസത്തിനകം സിബിഐ കേസന്വേഷണം പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് മുന്നോട്ടു വച്ചിരിക്കുന്നത്.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശം വന്നതോടെ ഉന്നാവോ പീഡനം, ഉന്നാവോ അപകടം ഈ രണ്ട് കേസുകളിന്‍മേല്‍ 7 ദിവസത്തിനകം സിബിഐയ്ക്ക് അന്വേഷണം പൂര്‍ത്തിയാക്കണം.
അതുകൂടാതെ, കുല്‍ദീപ് സിംഗ് സെന്‍ഗറുമായി ബന്ധപ്പെട്ട 5 പീഡന കേസുകള്‍ ഡല്‍ഹിയിലേയ്ക്കു മാറ്റാനും തീരുമാനമായി.
ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വീണ്ടും ചേരും. കുല്‍ദീപ് സിംഗ് സെന്‍ഗറുമായി ബന്ധപ്പെട്ട 5 പീഡന കേസുകള്‍ ഡല്‍ഹിയിലേയ്ക്കു മാറ്റുന്നത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ കോടതി പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട് കൂടാതെ, പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്കും അഭിഭാഷകനും മികച്ച വൈദ്യസഹായം ഉറപ്പുനല്‍കുന്നതിനുള്ള ഉത്തരവും കോടതി ഇന്ന് പുറപ്പെടുവിക്കും.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭ്യര്‍ഥനകള്‍ നിരസിച്ചായിരുന്നു ഇന്ന് സുപ്രീംകോടതിയുടെ തീരുമാനങ്ങള്‍. കേസന്വേഷണത്തിന് എത്ര ദിവസം വേണമെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് ഒരു മാസം എന്നായിരുന്നു തുഷാര്‍ മേത്തയുടെ മറുപടി. എന്നാല്‍ 7 ദിവസത്തിനകം അന്വേഷിക്കാനായിരുന്നു ചീഫ്ജസ്റ്റിസ് നിര്‍ദ്ദേശിച്ചത്.
കൂടാതെ, പെണ്‍കുട്ടിയ്ക്ക് മികച്ച വൈദ്യസഹായം ലഭ്യമാക്കുന്നതിനും കോടതി ശ്രദ്ധ കാട്ടിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി അനേഷിച്ച കോടതി എയിംസില്‍ ചികിത്സാ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു. കൂടാതെ, ഈ വിഷയത്തില്‍കോടതി ഇന്ന് തന്നെ തീരുമാനം കൈക്കൊള്ളും.
രാവിലെ ചേര്‍ന്ന കോടതി, കേസിന്‍റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട സിബിഐ ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയെ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കേസ് അടുത്ത ദിവസത്തേക്ക് മാറ്റണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭ്യര്‍ഥന നിരസിച്ചാണ് കോടതി നടപടികളിലേക്ക് കടന്നത്.
പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സിബിഐ ഉദ്യോഗസ്ഥര്‍ ഉന്നാവോയിലേക്കു പോയതിനാല്‍ കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു തുഷാര്‍ മേത്തയുടെ അഭ്യര്‍ഥന. എന്നാല്‍ കേസ് മാറ്റിവയ്ക്കാനാവില്ലെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു. സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ കോടതിയില്‍ നേരിട്ട് ഹാജരായി കേസിന്‍റെ മുഴുവന്‍ വിവരങ്ങളും അറിയിക്കണമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. തുറന്ന കോടതിയിലോ ചീഫ് ജസ്റ്റീസിന്റെ ചേംബറിലോ ഹാജരാകാമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, ഉന്നാവോ കേസില്‍ ഗുരുതരമായ സംഭവവികാസങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും പോസ്കോ നിയമപ്രകാരം കേസ് ഉടന്‍ തന്നെ പരിഗണനയ്ക്കെടുക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന് വി. ഗിരി കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീംകോടതി കേസ് ഇന്ന് പരിഗണിച്ചത്.
കേസില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അഭിഭാഷകന് വി. ഗിരി ചൂണ്ടിക്കാട്ടിയിരുന്നു.