ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. വിധി കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്.
ആധാർ പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച 27 ഹർജികളാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
എ.കെ.സിക്രി, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഈ കേസില്‍ കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമിയും ഒരു ഹര്‍ജിക്കാരനാണ്.
സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാർ. ആധാർ കേസിൽ ജനുവരി 17ന് തുടങ്ങിയ കേസിലെ വാദം മേയ് 10നാണ് അവസാനിച്ചത്.
മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ നമ്പര്‍ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് തങ്ങളുടെ ഉത്തരവ് വേണ്ടവിധം മനസിലാക്കാതെയാണെന്ന് കോടതി വാദത്തിനിടെ പറഞ്ഞിരുന്നു. മാത്രമല്ല, ആധാര്‍ ബില്‍ ഒരു ധനകാര്യ ബില്ലാണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളിക്കളഞ്ഞിരുന്നു.