മുഖ്യമന്ത്രി യോഗി ചീത്ത പറഞ്ഞു പുറത്താക്കിയെന്ന പരാതിയുമായി ബി.ജെ.പി ദളിത് എം.പി

ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി ബി.ജെ.പിയുടെ ദളിത് എം.പി. ഛോട്ടെ ലാല്‍. ഇത് സംബന്ധിച്ച പരാതിയുമായി അദ്ദേഹം പ്രധാനമന്ത്രിയെ സമീപിച്ചിരിയ്ക്കുകയാണ്. ഉത്തര്‍ പ്രദേശിലെ റോബർട്സ്ഗഞ്ചില്‍ നിന്നുള്ള എംപിയാണ് ഛോട്ടെ ലാല്‍. 

Last Updated : Apr 5, 2018, 04:02 PM IST
മുഖ്യമന്ത്രി യോഗി ചീത്ത പറഞ്ഞു പുറത്താക്കിയെന്ന പരാതിയുമായി ബി.ജെ.പി ദളിത് എം.പി

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി ബി.ജെ.പിയുടെ ദളിത് എം.പി. ഛോട്ടെ ലാല്‍. ഇത് സംബന്ധിച്ച പരാതിയുമായി അദ്ദേഹം പ്രധാനമന്ത്രിയെ സമീപിച്ചിരിയ്ക്കുകയാണ്. ഉത്തര്‍ പ്രദേശിലെ റോബർട്സ്ഗഞ്ചില്‍ നിന്നുള്ള എംപിയാണ് ഛോട്ടെ ലാല്‍. 

രണ്ടു തവണ താന്‍ യോഗിയെ കാണാനായി ചെന്നുവെന്നും രണ്ടു തവണയും മുഖ്യമന്ത്രി തന്നെ ശകാരിക്കുകയും ചീത്ത പറഞ്ഞ് പുറത്താക്കിയെന്നാണ് ഛോട്ടെ ലാലിന്‍റെ പരാതി. യോഗി തന്നെ അപമാനിച്ചെന്നും അവഗണിച്ചെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി.  

അതുകൂടാതെ സര്‍ക്കാരും ഉദ്യോഗസ്ഥരും തന്‍റെ മണ്ഡലത്തോട് വിവേചനം കാണിക്കുന്നതായും ഛോട്ടേലാല്‍ പരാതിപ്പെടുന്നു. തന്‍റെ പരാതി കേള്‍ക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. മുഖ്യമന്ത്രി ആദിത്യനാഥിനു പുറമെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ, സുനില്‍ ബന്‍സാല്‍ എന്നിവര്‍ക്കെതിരെയും പരാതിയില്‍ ആരോപണമുണ്ട്.

അതേസമയം, ഛോട്ടേ ലാലിന്‍റെ പരാതിയില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി.

എന്നാല്‍ ഛോട്ടെ ലാല്‍ പരാതി പ്രധാനമന്ത്രിയില്‍ ഒതുക്കിയില്ല. ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ കമ്മീഷനും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.

പട്ടികജാതി/വർഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രിം കോടതി വിധിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ബിജെപിയുടെതന്നെ ദളിത് എംപിയുടെ പരാതി.

 

Trending News