കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന ചവറ വട്ടത്തറ മുറിയിൽ ചായക്കാന്റെയ്യത്ത് വീട്ടിൽ മുഹമ്മദ് ഷാനവാസ് (19) പിടിയിൽ. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യ വിവരമനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി താലൂക്കിലെ വിവിധ സ്കൂളുകളില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുപത്തിയഞ്ചിലധികം കുട്ടികളെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്നതും ഗുരുതരവുമായ കാര്യങ്ങളാണ് വെളിപ്പെട്ടത്.
സ്കൂളിലും സ്കൂൾ ഗ്രൗണ്ടുകളിലും കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതില്‍ പ്രധാന കണ്ണിയാണ് മുഹമ്മദ് ഷാനവാസ്. കഴിഞ്ഞ ഒന്നര വർഷമായി ഷാനവാസ് കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന് കുട്ടികൾ വെളിപ്പെടുത്തി. ചില സ്കൂളുകളിലെ 9ാം ക്ലാസ് വിദ്യാർത്ഥികളെയും സീനിയേഴ്സിനെ ഉപയോഗിച്ച് ഇയാൾ വലിയിലാക്കിയതായി ചോദ്യം ചെയ്യലിൽ കുട്ടികൾ വ്യക്തമാക്കി.
തുടര്‍ന്ന് കുട്ടികളില്‍ നിന്നും കിട്ടിയ മൊബൈൽ നമ്പർ ഉപയോഗിച്ച് വിദ്യാർത്ഥികൾ എന്ന വ്യാജേന ഫോണിൽ വിളിച്ച് 9 പൊതി കഞ്ചാവ് ആവശ്യപ്പെട്ടു. രാത്രി 9 മണിക്ക് ശേഷം ഇടപ്പള്ളിക്കോട്ടയിൽ കഞ്ചാവ് എത്തിച്ച് തരാമെന്ന് പറഞ്ഞതനുസരിച്ച് ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം മഫ്തിയിൽ നിലയുറപ്പിക്കുകയും 10 മണിയോടു കൂടി തന്റെ ആഡംബര ബൈക്കിൽ എത്തുകയും ചെയ്ത ഷാനവാസിനെ പിടികൂടുകയുമായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയില്‍ അടിവസ്ത്രത്തിനടിയിൽ നിന്നും പാന്റിന്റേയും ഷർട്ടിന്റേയും പോക്കറ്റിൽ നിന്നും ബൈക്കിന്റെ സീറ്റിനടിയിലും ടാങ്ക് കവറിൽ നിന്നും മറ്റുമായ് 1173 പൊതി കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഒരു പൊതി 500 രൂപയ്ക്കാണ് ഇയാൾ വിപ്പന നടത്തിയിരുന്നത്.
കൊല്ലം ജില്ലയില്‍ മാത്രം 200ൽ അധികം കുട്ടികൾക്കാണ് ഇയാൾ കഞ്ചാവ് എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ ഷാനവാസ് സമ്മതിച്ചു. കഞ്ചാവ് ഉപയോഗിച്ചാൽ ശക്തി കൂടുമെന്നും പുരാണത്തിൽ ശിവൻ ഇത് ഉപയോഗിച്ചിരുന്നെന്നും തളർന്ന് കിടന്നയാൾ കഞ്ചാവ് ഉപയോഗിച്ച് ജീവിതത്തിലേക്കു തിരികെ വന്നെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് കുട്ടികളെ ഷാനവാസ് വലയിലാക്കിയിരുന്നത്. തെങ്കാശി-ആര്യങ്കാവ് വഴിയാണ് കഞ്ചാവ് കടത്തുന്നതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യക്തമാക്കി.
എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ അസി. ഇൻസ്പെക്ടർ രാമചന്ദ്രൻ പിള്ള, പ്രിവന്റീവ് ഓഫീസർമാരായ അൻവർ, ഹരികൃഷ്ണൻ, ശ്യാംകുമാർ, വിജു, സജീവ് കുമാർ, ശ്യാംദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.