കോഴിക്കോട്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി സ്റ്റേഷനില്‍നിന്നും ചാടിപ്പോയ സംഭവത്തില്‍ രണ്ട് പോലീസുകാർക്ക് സസ്പെന്‍ഷന്‍. പ്രതികൾ ചാടിപ്പോയ ദിവസം ചേവായൂർ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്നലെ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ പോലീസുകാർക്ക് വീഴ്ച സംഭവിച്ചെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് സ്റ്റേഷൻ ചുമതലയുള്ള പോലീസുകാർക്ക് വീഴ്ച സംഭവിച്ചതായി പറയുന്നത്. പ്രതികൾ സ്‌റ്റേഷനിലുള്ളപ്പോൾ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ ഒളിച്ചോടിപ്പോയ സംഭവത്തിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്. ഇയാളെ ഉടൻ തന്നെ പിടികൂടിയിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് ഓടിപ്പോയ പ്രതി ലോ കോളേജിന് സമീപത്തെ കുറ്റിക്കാട്ടിലാണ് ഒളിച്ചത്. ഒരാൾ ഓടിപ്പോകുന്നത് കണ്ട് ലോ കോളേജിലെ വിദ്യാർഥികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്.
മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ 7,8 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് 77 ഉം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബിൻ റാഫി, ടോം തോമസ് എന്നിവരാണ് അറസ്റ്റിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...