ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തെയോ നേതാവിനെയോ കണ്ണുമടച്ച് വിശ്വസിക്കുന്ന സമൂഹം നാശത്തിന്റെ വക്കിലേക്കാണ് എത്തുന്നതെന്ന് നടൻ പ്രകാശ് രാജ്. ഇന്ന് നമ്മുടെ രാജ്യത്തും ഇതേ അവസ്ഥയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ഡിസി ബുക്സിന്റെ സുവർണ്ണജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി സി ബുക്‌സിന്റെ സുവർണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് 25-ാമത് ഡിസി കിഴക്കേമുറി സ്മാരക പ്രഭാഷണം കോട്ടയം മാമൻ മാപ്പിള ഹാളിൽ വച്ച് പ്രകാശ് രാജ് നിർവഹിച്ചു. സ്മാരക പ്രഭാഷണത്തിലായിരുന്നു അദ്ദേഹം ഇന്ത്യയിൽ നടക്കുന്ന അരാജകത്വത്തെക്കുറിച്ചും, മണിപ്പൂർ കലാപത്തെക്കുറിച്ചും സംസാരിച്ചത്.
മണിപ്പൂരിൽ ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളും ഭാവി തലമുറയും ആണെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. എന്താണ് ഈ കലാപം കൊണ്ട് നേട്ടം ഉണ്ടാവുക ? 15 ഉം 17 ഉം വയസ്സ് പ്രായമുള്ള ആൺകുട്ടികൾ മാരകായുധങ്ങളുമായി തെരുവിലിറങ്ങിയപ്പോൾ തനിക്ക് ഹൃദയവേദനയുണ്ടായെന്നും, തൊഴിലില്ലായ്മ രാജ്യത്തെ എത്രമാത്രം ദ്രോഹിക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞെന്നും പ്രകാശ് രാജ് പറഞ്ഞു..
'ഭാവിയുടെ പുനർവിഭാവനം' എന്ന വിഷയത്തിലായിരുന്നു പ്രകാശ് രാജ് 25-ാമത് ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണം നടത്തിയത്. എഴുത്തുകാരായ സക്കറിയ, കെ ആർ മീര, മനോജ് കുറൂർ, എസ് ഹരീഷ്, ഉണ്ണി ആർ എന്നിവർ ചേർന്ന് ഡി സി ബുക്‌സ് സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ച വാർഷികസമ്മേളനത്തിന്റെ ഉദ്ഘാടനവും ഡി സി പ്രസാധന മ്യൂസിയത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. തോമസ് ചാഴിക്കാടൻ എംപി, രവി ഡിസി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...