മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറ വഴി നിയമലംഘനങ്ങൾ കണ്ടെത്തി ഇന്ന് അർദ്ധരാത്രി മുതൽ പിഴയിടാക്കിത്തുടങ്ങും. നിയമം പാലിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ ഇന്ന് മുതൽ വലിയ പിഴ നൽകേണ്ടിവരും. പ്രധാനമായും സീറ്റ്ബെൽറ്റ്, ഹെൽമെറ്റ്, അമിത വേഗം തുടങ്ങിയ വിവിധ നിയമ ലംഘനങ്ങൾ ക്യാമറ മിഴിതുറക്കുന്നതോടെ ഒപ്പിയെടുക്കും. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് നടപടിയുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോകുന്നത്.
കാർ യാത്രക്കാർ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഡ്രൈവർ സീറ്റിലും തൊട്ടടുത്തുള്ള സീറ്റിലും ഇരിക്കുന്നവർ ഉറപ്പായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അത്, ഗർഭിണി ആയാലും പ്രായമുള്ളവരായാലും കുട്ടികളായാലും ഇക്കാര്യത്തിൽ ഒരു ഇളവും ഇല്ല. പിൻസീറ്റിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും തൽക്കാലം പിഴ ഈടാക്കില്ല. എന്നാൽ, മുൻ സീറ്റിൽ ഇരിക്കുന്നവർ നിയമം ലംഘിച്ചാൽ 500 രൂപയാണ് പിഴ ഈടാക്കുക.
മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങിനും ഇനിമുതൽ പിടി വീഴും. 2000 രൂപയാണ് പിഴത്തുക. ഡ്രൈവിങ്ങിനിടെ മൊബൈൽ കയ്യിൽ പിടിച്ചുള്ള സംസാരം ശിക്ഷാർഹമാണ്. ബ്ലൂടൂത്ത് വഴിയോ ലൗഡ്സ്പീക്കറിലോ സംസാരിക്കാൻ പാടില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ പിഴയിടാക്കേണ്ടതില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ഇരുചക്ര വാഹന യാത്രക്കാരും ഇനി മുതൽ വാഹനം ഓടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മുന്നിലും പിന്നിലും ഇരിക്കുന്ന ആളുകൾക്ക് ഹെൽമെറ്റ് നിർബന്ധമാണ്.
നിലവിൽ ഒരു കുട്ടിക്ക് കൂടി ഇരുചക്രവാഹനത്തിൽ രണ്ടുപേർക്ക് പുറമേ യാത്ര ചെയ്യാം. പക്ഷേ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടിക്ക് ഹെൽമറ്റ് നിർബന്ധമാണ്. ഹെൽമറ്റ് ഇല്ലെങ്കിൽ പിഴത്തുക 500 രൂപയാണ്. ഓവർ ലോഡിങ്ങിനും പിടി വീഴുമെന്ന കാര്യത്തിൽ തർക്കമില്ല. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്കാണ് സഞ്ചരിക്കാൻ അനുവാദം. മൂന്നോ അതിലധികമോ ആയാൽ 1000 രൂപ പിഴത്തുക നൽകേണ്ടിവരും.
ഇരുചക്ര വാഹനത്തിൽ രണ്ടുപേർക്ക് മാത്രമേ സഞ്ചരിക്കാൻ നിയമമുള്ളൂ. ബൈക്കിൽ മാതാപിതാക്കൾക്കൊപ്പം തന്നെ ഒരു കുട്ടിയെ കൊണ്ടുപോയാൽ തന്നെ പിഴ വരും. പക്ഷേ ആ നിയമത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതിയിരിക്കുകയാണ്. അതുകൊണ്ട് തൽക്കാലം 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ യാത്രയ്ക്ക് ഇളവ് ഉണ്ടാകും.
കേന്ദ്രത്തിൽ നിന്ന് ഉചിതമായ മറുപടി ലഭിക്കും വരെയും ഇതിന് പിഴയിടാക്കില്ല. എന്നാൽ ഇത് നിയമലംഘനമാണെന്നും അപകടകരമാണെന്നും പ്രത്യേകം ശ്രദ്ധിക്കണം. ഇതിന് പുറമേ ട്രാഫിക് സിഗ്നലിൽ റെഡ് ലൈറ്റ് തെളിഞ്ഞു കിടക്കുമ്പോൾ അത് മറികടന്ന് പോകുന്ന ആളുകളെയും ക്യാമറ പിടികൂടും. അമിതവേഗം പിടികൂടാൻ നാല് വാഹനങ്ങൾ ഉൾപ്പെടെ ഏഴ് ക്യാമറ സിസ്റ്റവും തയ്യാറാക്കിയിട്ടുണ്ട്.
നോ പാർക്കിംഗ് ഏരിയയിലോ മറ്റു വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിലോ വാഹനം പാർക്ക് ചെയ്താലും പിഴ നൽകേണ്ടി വരും. ചുരുക്കത്തിൽ ഇനിമുതൽ നിരത്തിൽ വാഹനവുമായി ഇറങ്ങുമ്പോൾ നിയമം പാലിച്ച് വാഹനമോടിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന കാര്യം ഉറപ്പാണ്. ക്യാമറ സ്ഥാപിച്ചിട്ടില്ലാത്ത ഇടങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ നേരിട്ടുള്ള ശക്തമായ വാഹന പരിശോധനകളും ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...