AKG Center Attack : എകെജി സെൻ്റർ ആക്രമണം; ജിതിൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കി ക്രൈംബ്രാഞ്ച്, വനിതാ നേതാവിനെയും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെയും ചോദ്യം ചെയ്യും

AKG Center Attack : സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ കിട്ടിയത്.

Written by - Abhijith Jayan | Last Updated : Sep 25, 2022, 12:00 PM IST
  • കാറിലെത്തിയ പ്രതി ഗൗരീശപട്ടത്ത് നിന്നാണ് സ്കൂട്ടറിലൂടെയുള്ള യാത്ര തുടങ്ങുന്നത്.
  • ഗൗരീശപട്ടത്ത് നിന്ന് തമ്പുരാൻമുക്കിലൂടെ കുന്നുകുഴിയിൽ എത്തി. സ്പാർക്ക് ഓഫീസിന് സമീപം വഴി എകെജി സെൻ്ററിന് മുന്നിലെത്തി സ്ഫോടകവസ്തു എറിഞ്ഞുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
  • സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ കിട്ടിയത്.
AKG Center Attack : എകെജി സെൻ്റർ ആക്രമണം; ജിതിൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കി ക്രൈംബ്രാഞ്ച്, വനിതാ നേതാവിനെയും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെയും ചോദ്യം ചെയ്യും

തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജിതിൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കി ക്രൈംബ്രാഞ്ച്. കാറിലെത്തിയ പ്രതി ഗൗരീശപട്ടത്ത് നിന്നാണ് സ്കൂട്ടറിലൂടെയുള്ള യാത്ര തുടങ്ങുന്നത്. ഗൗരീശപട്ടത്ത് നിന്ന് തമ്പുരാൻമുക്കിലൂടെ കുന്നുകുഴിയിൽ എത്തി. സ്പാർക്ക് ഓഫീസിന് സമീപം വഴി എകെജി സെൻ്ററിന് മുന്നിലെത്തി സ്ഫോടകവസ്തു എറിഞ്ഞുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതിനു ശേഷം ജിതിൻ പോയത് കുന്നുകുഴി വഴി തമ്പുരാൻമുക്കിലേക്കാണെന്നും അന്വേഷണസംഘം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ കിട്ടിയത്.

 അതിനിടെ പ്രതി ജിതിനു പുറമേ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെയും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. കേസിലെ പ്രതിയെയും കൂട്ടുപ്രതികളെയും കുറിച്ചുള്ള നിർണായക വിവരങ്ങൾ വ്യക്തമാക്കുന്ന റൂട്ട് മാപ്പാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്നത്. ഗൗരീശപട്ടത്ത് നിന്ന് തമ്പുരാൻമുക്കിലൂടെ പ്രതി ജിതിൻ സ്കൂട്ടറിൽ കുന്നുകുഴിയിലെത്തുന്നു. തുടർന്ന് സ്പാർക്ക് ഓഫീസിന് സമീപമുള്ള റോഡ് വഴി എകെജി സെൻററിനു സമീപത്തെ എകെജി ഹാളിന് മുൻവശത്തെത്തി സ്ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. ശേഷം, കുന്നുകുഴിയിലൂടെ തമ്പുരാൻമുക്കിലേക്ക് പോയി. വിശദമായി സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചതിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായത്.

ALSO READ: എകെജി സെന്റർ ആക്രമണം; പ്രതി കുറ്റം സമ്മതിച്ചു, അറസ്റ്റ് രേഖപ്പെടുത്തി

അതേസമയം, കേസിൽ ജിതിന് പുറമെ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളും നിർണായകമൊഴികളും ലഭിച്ച പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സുഹൈൽ ഷാജഹാനെ വൈകാതെ ചോദ്യം ചെയ്തേക്കും. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിനുമായുളള ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള ക്രൈം ബ്രാഞ്ച് നീക്കം. മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ച കേസിലും സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. രണ്ടു പ്രാവശ്യം നോട്ടീസ് നൽകിയെങ്കിലും സുഹൈൽ ഷാജഹാൻ ഹാജരായിരുന്നില്ലെന്ന വിവരമാണ് പുറത്തു വരുന്നത്.

മാത്രമല്ല, പ്രാദേശിക വനിതാ നേതാവാണ് ആക്രമണത്തിന് ഡിയോ സ്കൂട്ടർ എത്തിച്ച നൽകിയതെന്ന് വിവരം പുറത്തുവന്നതിന് പിന്നാലെ ഇവരെയും ചോദ്യം ചെയ്യാനുള്ള നീക്കവും ക്രൈംബ്രാഞ്ച് നടത്തുന്നുണ്ട്. ഇവർ നിലവിൽ ഒളിവിൽ കഴിയുകയാണ്. പ്രതിക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. ആക്രമണത്തിൽ ഇവർക്ക് പങ്കുള്ളതായി തെളിഞ്ഞാൽ  മാപ്പുസാക്ഷിയാക്കാൻ ഉദ്ദേശിക്കുന്ന ഇവരെ പ്രതിചേർത്തേക്കാനും സാധ്യതയേറെയാണ്.

അതിനിടെ കഴിഞ്ഞ ദിവസം ജിതിനെ ആറ്റിപ്ര, കഴക്കൂട്ടം മേഖലകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതിവ രഹസ്യമായിട്ടാണ് ക്രൈംബ്രാഞ്ച് തെളിവെടുപ്പിനായി പ്രതിയെ എത്തിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ എകെജി സെന്ററിലേക്കും രഹസ്യമായി തന്നെ തെളിവെടുപ്പിന് കൊണ്ടുപോകാനാണ് നീക്കം. കോടതി തിങ്കളാഴ്ച വൈകിട്ട് വരെയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതിനാൽ തന്നെ നടപടിക്രമങ്ങൾ വൈകാതെ പൂർത്തിയാക്കാനാണ് സാധ്യത.

ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും മാത്രമാണ് പ്രതിക്കെതിരെ നിലവിലുള്ളത്. പ്രതിയെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. കേസിൽ 84 ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസം പൊലീസിനുണ്ടെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. 

കേസിലെ പ്രധാന തൊണ്ടിമുതലായ ഡിയോ സ്കൂട്ടർ കണ്ടെത്തുക,ആക്രമണദിവസം ജിതിൻ ധരിച്ചിരുന്ന ടീഷർട്ടും ഷൂസും ഉൾപ്പെടെ എവിടെയാണ് ഒളിപ്പിച്ചിട്ടുള്ളത് എന്നുള്ളതും കണ്ടെത്തേണ്ടതുണ്ട്. തൊണ്ടിമുതലുകൾ കേസിൽ പ്രധാനമാണ്. അന്നേദിവസം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്ത് പ്രതി വിറ്റിരുന്നതായി ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.മൊബൈൽ ഫോണിലൂടെയുള്ള സന്ദേശങ്ങൾ റീസിവ് ചെയ്തെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News