തിരുവനന്തപുരം: ടെക്നോപാർക്കിലും ഇൻഫോ പാർക്കിലും മദ്യശാലകൾ ആരംഭിക്കാൻ തീരുമാനം. സംസ്ഥാനത്തെ ഐടി മേഖലകളിൽ പബുകൾ ഉൾപ്പടെയുള്ള പ്രത്യേക മദ്യശാലകൾ ആരംഭിക്കണമെന്ന നിർദേശം അടക്കമുള്ള മദ്യനയത്തിൻ്റെ കരടിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി.
കൂടുതൽ മദ്യവിൽപനശാലകൾ ആരംഭിക്കണമെന്ന നിർദേശവും ഭേദഗതികളോടെ അംഗീകരിച്ചു. സ്ഥലസൗകര്യമുള്ളിടത്ത് ആരേയും ബാധിക്കാത്ത തരത്തിൽ പുതിയ മദ്യശാലകൾ തുറക്കാം. ബാർ ക്ലബ്ബ് ലൈസൻസ് നിരക്കുകൾ വർധിപ്പിക്കും. വ്യാജ കള്ളുകൾ സുലഭമാകുന്ന സാഹചര്യം ഒഴിവാക്കും. കേരവൃക്ഷങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടി വ്യാജ കള്ളുകൾ ഉണ്ടാക്കുന്നത് തടയാൻ സംവിധാനം കൊണ്ട് വരും. ഇതിനായി ട്രാക്ക് ആൻഡ് ട്രെയ്സ് സംവിധാനം കൊണ്ടുവരാനും തീരുമാനമായി.
കപ്പയിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിന് കർഷകർക്ക് ആനുകൂല്യം പ്രഖ്യാപിക്കും. പഴവർഗ്ഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കും. ഇവയുടെയെല്ലാം ആനുകൂല്യങ്ങൾ മദ്യനയത്തോടൊപ്പം പ്രഖ്യാപിക്കും. ഏപ്രിൽ ഒന്നിനാണ് മദ്യനയം നിലവിൽ വരിക. ഇനി വരുന്ന മന്ത്രിസഭാ യോഗത്തിൽ മദ്യനയത്തിൻ്റെ കരട് ചർച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങളോടെ അംഗീകരിക്കും. ഏതായാലും ഐടി മേഖലയിൽ പബുകൾ വരുന്നതോടെ സർക്കാരിന് കൂടുതൽ വരുമാനം വരുമെന്നുറപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...