Bekal Fort : കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയം; ബേക്കൽ കോട്ടയെ കുറിച്ച് അറിയാം

400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമാണ് ബേക്കല്‍ കോട്ട. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ട്  നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ ദൂരമാണ് കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ടയിലേക്കുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 08:03 PM IST
  • 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമാണ് ബേക്കല്‍ കോട്ട.
  • കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ട് നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ ദൂരമാണ് കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ടയിലേക്കുള്ളത്.
  • അറബിക്കടലിന്റെ തീരത്ത് ഏതാണ്ട് 30-40 ഏക്കര്‍ വിസ്തൃതിയില്‍ വൃത്താകാരത്തിലാണ് കോട്ട പണിതുയര്‍ത്തിയിട്ടുള്ളത്.
  • കടൽ നിരപ്പിൽ നിന്നും ഏതാണ്ട് 300 അടി ഉയരത്തിലുള്ള ഒരു കുന്നിൻ മുകളിലാണ് കോട്ടയുള്ളത്.
Bekal Fort : കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയം; ബേക്കൽ കോട്ടയെ കുറിച്ച് അറിയാം

ചരിത്രത്തിന്‍റെ അവശേഷിപ്പുകളായി ഉയർന്നു നിൽക്കുന്ന ഒട്ടേറെ നിർമ്മിതികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് കോട്ടകൾ. ലോകത്തിലേറ്റവും കൂടുതൽ  കോട്ടകളുള്ള രാജ്യമായാണ് ഇന്ത്യ അറിയപ്പെടുന്നത്. 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമാണ് ബേക്കല്‍ കോട്ട. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ട്  നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ ദൂരമാണ് കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ടയിലേക്കുള്ളത്. 

അറബിക്കടലിന്റെ തീരത്ത് ഏതാണ്ട് 30-40 ഏക്കര്‍ വിസ്തൃതിയില്‍ വൃത്താകാരത്തിലാണ് കോട്ട  പണിതുയര്‍ത്തിയിട്ടുള്ളത്.  കടൽ നിരപ്പിൽ നിന്നും ഏതാണ്ട് 300 അടി ഉയരത്തിലുള്ള ഒരു കുന്നിൻ മുകളിലാണ് കോട്ടയുള്ളത്. ഇന്നും പറയത്തക്ക ബലഹീനതകളൊന്നും കൂടാതെ ചരിത്രാന്വേഷകരെയും  സഞ്ചാരികളെയും ആകര്‍ഷിച്ചു കൊണ്ട് തലഉയര്‍ത്തി നില്‍ക്കുകയാണ് ബേക്കൽ കോട്ട. ഏ.ഡി 1650 യില്‍ ശിവപ്പ നായ്ക്കാണ് കോട്ട നിര്‍മ്മിച്ചതെന്നാണ് പറയപ്പെടുന്നത്. കേന്ദ്ര പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സംരക്ഷിത സ്മാരകമാണ് ഈ കോട്ട. 

പടയോട്ടങ്ങളുടെ മരണമില്ലാത്ത ചരിത്രസാക്ഷിയാണ് ബേക്കൽ കോട്ട. ആയിരക്കണക്കിന് സൈനികർ രക്തരൂഷിതമായ പോരാട്ടത്തിൽ വീര രക്തസാക്ഷിത്വം വരിച്ചതിന് പല കാലത്തായി സാക്ഷിയായിട്ടുണ്ട് കോട്ട.  ആര്‍ത്തിരമ്പുന്ന കടലിന്റെ മനോഹാരിത ആസ്വദിച്ച് തിരമാലകളുടെ ഉച്ചത്തിലുള്ള വര്‍ത്തമാനങ്ങളും ശ്രവിച്ച് നൂറ്റാണ്ടുകളുടെ പഴമയും പേറിയാണ്  ബേക്കല്‍ കോട്ട നിലനിൽക്കുന്നത്.   പ്രാചീന കാലത്തെല്ലാം സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെട്ടു കിടന്നിരുന്ന സ്ഥലങ്ങളാണ് ഇന്നത്തെ കാസർകോട് ജില്ലയിലുള്‍പ്പെടുന്ന പ്രദേശങ്ങൾ. ഇതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് പ്രകൃതിവിഭവങ്ങൾ  ധാരാളമുണ്ടായിരുന്നു എന്നതായിരുന്നു. തുറമുഖങ്ങളുടെ സാന്നിധ്യമാണ് മറ്റൊന്ന്. 

കോട്ടയുടെ നിർമ്മാണത്തെ കുറിച്ച്  വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ഇക്കേരി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന വെങ്കടപ്പ നായ്ക്കനാണ് കോട്ടയുടെ നിർമാണം ആരംഭിച്ചതെന്നാണ് പൊതുവേ പറയപ്പെടുന്നത്. അതല്ല 1645 മുതൽ 1660 വരെയുള്ള കാലഘട്ടത്തിൽ ഇക്കേരി രാജവംശം ഭരിച്ചിരുന്ന ശക്തനായ ഭരണാധികാരിയായിരുന്ന  ശിവപ്പ നായ്ക്കനാണ് നിർമാണം പൂർത്തിയാക്കിയതെന്നും പറയപ്പെടുന്നു. താക്കോൽ ആകൃതിയിലുള്ള ബേക്കൽ കോട്ടയുടെ രൂപകൽപനയും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.  ഇത് അക്കാലത്തെ കോട്ട നിർമാണ വിദഗ്ധരുടെ സാങ്കേതിക ജ്ഞാനത്തിനും അസാധാരണ വാസ്തുശിൽപ വൈദഗ്ധ്യത്തിനും ഉത്തമ ഉദാഹരണമാണ്. 

കോട്ടയിലെ തന്ത്രപ്രധാനമായ ഇടമാണ് ഏതാണ്ട് 50 അടിയോളം ഉയരത്തിലായി കടലിലേക്ക് തള്ളി നിൽക്കുന്ന വാച്ച് ടവർ. പണ്ട് കാലത്ത് ഈ ടവറിന് മുകളിൽ നിന്നുകൊണ്ട് ഭടൻമാർ ഊഴമിട്ട് 24 മണിക്കൂറും അറബിക്കടൽ നിരീക്ഷിക്കുമായിരുന്നു എന്നാണ് പറയപ്പെടുന്നത്.  കദംബരാജവംശവും മൂഷികരാജവംശവും പിന്നീട് കോലത്തിരിയും ബേക്കൽ  ഭരിച്ചിരുന്നു. ധാരാളം പടികളുള്ള കുളം, വെടിമരുന്ന് സൂക്ഷിക്കാനുപയോഗിക്കുന്ന അറ, ടൂറിസ്റ്റ് ബംഗ്ലാവ് എന്നിവ കോട്ടക്കുള്ളിലെ പ്രധാന കാഴ്ചകളാണ്. അന്ന് കോട്ടയുടെ പരിസര പ്രദേശത്ത് ലഭ്യമായ ഉറപ്പുള്ള ചെങ്കല്ലിലാണ് കോട്ട പണിതിരിക്കുന്നത്. മറ്റു കോട്ടകളേക്കാൾ മെച്ചപ്പെട്ടതും അതിവിദഗ്ധമായി രൂപകൽപന ചെയ്യപ്പെട്ടതുമാണ് കോട്ടക്കകത്തെ സൗകര്യങ്ങൾ. 

ആയുധപ്പുരകൾ, കടലിന് നേർക്ക് തുറന്നിരിക്കുന്ന കിളിവാതിലുകൾ, കടൽ വഴി വരുന്ന പടക്കപ്പലുകളെ നേരിടാനുള്ള ഇടങ്ങൾ, കരയിൽ നിന്നെത്തുന്ന ശത്രുക്കളെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ, ജലസംഭരണി, ഒളിത്താവളങ്ങൾ, രഹസ്യ ഭൂഗർഭ അറകൾ, ഭൂഗർഭ പാതകൾ, സുരക്ഷാ സന്നാഹങ്ങൾ, അപകടത്തിൽ പെടുന്നവർക്കും മുറിവേൽക്കുന്നവർക്കും നൽകുന്ന പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങൾ തുടങ്ങിയവയും കോട്ടക്കകത്ത് ഒരുക്കിയിട്ടുണ്ട്. പുറത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ മുകളില്‍ പീരങ്കിവെയ്ക്കുവാനുള്ള കൊത്തളങ്ങളും ഉയരമുള്ള നീരീക്ഷിണ ഗോപുരങ്ങളുമുള്ള വലിയ കോട്ടകള്‍ രാജാക്കന്മാര്‍ തങ്ങളുടെ രാജധാനിക്കു ചുറ്റും നിര്‍മ്മിച്ചിരുന്നു. എന്നാല്‍ അസാമാന്യ വിസ്തൃതിയുള്ള ബേക്കല്‍ കോട്ടയ്ക്കുള്ളില്‍ രാജധാനിയോ ഭരണപരമായ കാര്യനിര്‍വഹണത്തിനു വേണ്ടിയുള്ള കെട്ടിടങ്ങളോ നിര്‍മ്മിക്കപ്പെട്ടിരുന്നില്ല എന്ന  പ്രത്യേകതയുമുണ്ട്.  

കോട്ടയ്ക്കുള്ളില്‍ നിന്നു കൊണ്ട് കടലിലെ കാഴ്ച വളരെ ദുരം വരെ കാണാന്‍ നിരവധി ദ്വാരങ്ങള്‍ നിര്‍മ്മിച്ചിരുന്നു. കടലില്‍ നിന്നു നോക്കുന്നവര്‍ക്ക് ഇതെളുപ്പം ശ്രദ്ധയില്‍ പെടുകയുമില്ല. വളരെ ദൂരെ നിന്നു വരുന്ന കപ്പലുകള്‍ വീക്ഷിക്കുവാന്‍ ഇവ സഹായകരമാകും. കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണ ഗോപുരത്തിലേക്കു കയറുവാന്‍ വീതിയേറിയ ചരിഞ്ഞ പാതയാണ് നിര്‍മ്മിച്ചിട്ടുള്ളത്. പ്രവേശന കവാടത്തിനു സമീപം പത്തടിയിലേറെ വീതിയുള്ള കിടങ്ങും ഉണ്ട്. നിരീക്ഷണ ഗോപുരം ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതാണെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. മലബാര്‍ കീഴടക്കാനെത്തിയ ടിപ്പുവിന്റെ സൈന്യത്തിന് ബേക്കല്‍കോട്ട ഒരു പ്രധാന താവളമായിരുന്നു.

ബേക്കൽ കോട്ടയുടെ പടിഞ്ഞാറുള്ള മൂന്നിൽ രണ്ടു ഭാഗവും അറബിക്കടലിലാണ് സ്ഥിതിചെയ്യുന്നത്. ഹൊസ്ദുർഗ്ഗ്​, ചന്ദ്രഗിരി, കുമ്പള , പൊവ്വൽ കോട്ടകൾ പഴയകാല രൂപം കുറച്ചെങ്കിലും അവശേഷിപ്പിച്ചിട്ടുള്ള കോട്ടകളും കാസർകോടുണ്ട് .ചിത്താരി, പനയാൽ ,കുണ്ടംകുഴി, ബന്തടുക്ക, നീലേശ്വരം, മട്ട്ലായി തുടങ്ങിയവയും കാസർകോടുണ്ടായിരുന്ന പ്രധാന കോട്ടകളാണ്. പല കോട്ടകളുടെയും അവശിഷ്ടങ്ങൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. എന്നിരുന്നാലും ബേക്കൽ കോട്ടയോളം തലയെടുപ്പുള്ള കോട്ട കേരളത്തിൽ ഇല്ല എന്നതാണ് വാസ്തവം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News