കോട്ടയം: ഒടുവിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിപദം ബി.ജെ.പി സംസ്ഥാനഘടകം അംഗീകരിക്കാന്‍ തയ്യാറായിരിക്കുകയാണ്.
കേന്ദ്ര ടൂറിസം ഐടി മന്ത്രിയായി ചുമതലയേറ്റതിനു ശേഷം ഇതാദ്യമായാണ് അൽഫോൻസ് കണ്ണന്താനം കേരളത്തിലെത്തുന്നത്. നാളെ കേരളത്തിലെത്തുന്ന കണ്ണന്താനത്തിനു ബിജെപി കേരള ഘടകം വൻ സ്വീകരണമാണ് ഒരുക്കുന്നത്.
രാവിലെ 9.30ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടര്‍ന്ന് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ സ്വീകരണം നൽകും. അവിടെനിന്നു കോട്ടയം ജില്ലാ അധ്യക്ഷൻ എൻ. ഹരിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി സ്വീകരിച്ച് ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്കു പോകും.
ഉച്ചകഴിഞ്ഞ് 1.30ന് റോഡ് ഷോ ബിജെപി നേതാവ് പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനംചെയ്യും. കാഞ്ഞിരപ്പളളി മണ്ഡലത്തിലെ ഒന്‍പതു പഞ്ചായത്തുകളിലൂടെയും കടന്നുപോകുന്ന റോഡ് ഷോ കണ്ണന്താനത്തിന്റെ വീടിനു സമീപം മണിമലയിലാണു സമാപിക്കുക. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണയോഗം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനംചെയ്യും.
തിങ്കളാഴ്ച കണ്ണൂരിലെത്തുന്ന മന്ത്രിക്കു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. 12നു കോട്ടയത്തു തിരികെയെത്തുന്ന മന്ത്രി വൈകുന്നേരം തിരുനക്കര ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനംചെയ്യും.
15ന് ജന്മനാട്ടിൽ മന്ത്രിക്കു കാഞ്ഞിരപ്പള്ളി പൗരാവലി പൗരസ്വീകരണം ഒരുക്കുന്നുണ്ട്. അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനംചെയ്യും. മന്ത്രി എം.എം. മണി, ആന്റോ ആന്റണി എംപി, പി.ജെ. ജോസഫ് എംഎൽഎ, എൻ. ജയരാജ് എംഎൽഎ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ എംഎൽഎമാരായ കെ.ജെ. തോമസ്, ജോർജ് ജെ. മാത്യു തുടങ്ങിയവർ പങ്കെടുക്കും. നിലയ്ക്കൽ എക്യുമെനിക്കൽ കൗണ്‍സിലിലെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും.
16നു തിരുവനന്തപുരത്തും സ്വീകരണം നൽകുന്നുണ്ട്. വൈകുന്നേരം ഡൽഹിക്കു മടങ്ങും.
ബി.ജെ.പി സംസ്ഥാന നേതാക്കളിൽ പലരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് കണ്ണന്താനം കേന്ദ്ര ടൂറിസം-ഐ.ടി മന്ത്രിയായത്. അതിനാൽ, കണ്ണന്താനം മന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടപ്പോഴും സത്യപ്രതിജ്ഞ ചെയ്തപ്പോഴും പാർട്ടി സംസ്ഥാനത്ത് എവിടെയും ആഘോഷമൊരുക്കിയില്ല. കണ്ണന്താനത്തിെൻറ ജന്മദേശത്തല്ലാതെ മറ്റൊരിടത്തും ആഹ്ലാദപ്രകടനങ്ങൾ പോലും നടന്നില്ല.