തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബജറ്റ് ചർച്ചയിൽ സിപിഎം കൗൺസിലർമാരും ബിജെപി കൗൺസിലർമാരും തമ്മിൽ ഏറ്റുമുട്ടി. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ ഭരണപക്ഷം മൈക്ക് ഓഫാക്കി എന്നാരോപിച്ചായിരുന്നു തർക്കത്തിന്‍റെ തുടക്കം. ഇത് കയ്യാങ്കളിയിലേക്ക് എത്തി.
ഇതിനെ തുടർന്ന് പ്രതിപക്ഷ അംഗങ്ങള്‍ നഗരസഭയ്ക്ക് മുമ്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കയ്യാങ്കളിക്കിടെ നാല് കൗണ്‍സിലർമാർക്ക് പരിക്കേറ്റു. മഞ്ജു, ഗിരികുമാർ, നിസാമുദീൻ, റീന കെ.എസ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ രണ്ട് പേർ ബിജെപി കൗസിലർമാരും രണ്ട് പേർ സിപിഎം കൗൺസിലർമാരുമാണ്.
നഗരസഭയിൽ അവതരിപ്പിച്ച ബജറ്റ് ജനദ്രോഹപരവും ജനങ്ങളെ കൊള്ളയടിക്കുന്നതും ആണെന്ന് ബിജെപി ആരോപിച്ചു. അതേ സമയം ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ മേയർ ആര്യാ രാജേന്ദ്രൻ രംഗത്തെത്തി. എല്ലാ കൗൺസിലർമാർക്കും അവരുടെ അഭിപ്രായങ്ങൾ പറയാൻ അവസരം നൽകിയിരുന്നുവെന്ന് മേയർ പറഞ്ഞു.
പ്രതിപക്ഷം രാഷ്ട്രീയപരമായി മാത്രമാണ് ബജറ്റിനെ കണ്ടത്. പല കൗൺസിൽ അംഗങ്ങളെയും ആക്രമിക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചത്. മാതൃകാപരമായി നടക്കേണ്ട ചർച്ചയാണ് ഇത്തരത്തിലായത്. മേയറുടെ ഓഫീസിലേക്ക് വന്ന കൗൺസിലർ നിസാമുദീനെ ആണ് ബിജെപി കൗൺസിലർമാർ മർദിച്ചതെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. ഏകപക്ഷീയമായി ബജറ്റ് പാസാക്കിയതിനും കൗൺസിലർമാരെ അക്രമിച്ച സംഭവത്തിൽ നടപടി എടുക്കാത്തതിനും എതിരെ ശക്തമായ പ്രതിഷധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...