കോട്ടയം: വാഴൂർ ചാമംപതാലിന് സമീപം ചേർപത്തു കവലയിൽ കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ആലുമ്മൂട്ടിൽ റെജിയാണ് മരിച്ചത്. ഭാര്യ ഡാർലിയെ പരിക്കുകളോടെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആലുമ്മൂട്ടിൽ റെജി വളർത്തിയിരുന്ന കാളയ്ക്ക് വെള്ളം കൊടുക്കാൻ ചെന്നപ്പോഴാണ് കുത്തി പരിക്കേൽപ്പിച്ചത്.
ഭാര്യ ഡാർലിക്കും കാളയുടെ കുത്തേറ്റിരുന്നു. ഇരുവരെയും പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റെജി മരിച്ചു. റെജിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവരെ കുത്തി പരിക്കേൽപ്പിച്ച കാളയ്ക്ക് പേവിഷബാധയേറ്റ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിന്റെ വായിൽ നിന്നും നുരയും പതയും വരുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
തൃശൂരിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം
തൃശൂർ: നാട്ടികയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂര്‍ സ്വദേശികളായ മുഹമ്മദ്ദ് റിയാന്‍, സഫ്വാന്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാറില്‍ ആറ് പേരാണ് യാത്ര ചെയ്തിരുന്നത്. നാട്ടിക സെൻ്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്.
കൊടുങ്ങല്ലൂർ ഭാഗത്ത് നിന്നും വന്നിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ച മുഹമ്മദ്ദ് റിയാന്‍റെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും, സഫ്വാന്‍റെ മൃതദേഹം തൃശ്ശൂര്‍ മദര്‍ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ അനസ്, മുഹമ്മദ് ബിലാൽ, ഷിയാന്‍, ജുറെെദ് എന്നിവര്‍ ചികിത്സയിലാണ്. വലപ്പാട് പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആഴ്ചകൾക്ക് മുൻപാണ് ഈ മേഖലയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് പതിനൊന്നുകാരി ഉള്‍പ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...