AI Camera: എഐ ക്യാമറകൾ കേരളത്തിൽ വരുത്തിയ മാറ്റങ്ങൾ; വിശദീകരിച്ച് പോലീസ് സർജൻ

Changes in Kerala after installing AI camera: റോഡപകടങ്ങളിൽ മരണപ്പെട്ട കേസുകളിലെ പോസ്റ്റുമോർട്ടങ്ങളുടെ എണ്ണം കുറഞ്ഞെന്ന് ഡോ.ഉന്മേഷ് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2023, 08:22 AM IST
  • മിക്ക ഇരുചക്രവാഹനക്കാരും ഹെൽമെറ്റ് ഉപയോഗിക്കുന്നു.
  • നമ്മുടെ നാട്ടിലെ യുവാക്കളുടെ മരണനിരക്കിൽ കുറവ് വരുന്നു.
  • ഒരു വിഭാഗം ജനങ്ങളെങ്കിലും ഹെൽമെറ്റിന് പ്രാധാന്യം നൽകിയിട്ടില്ല.
AI Camera: എഐ ക്യാമറകൾ കേരളത്തിൽ വരുത്തിയ മാറ്റങ്ങൾ; വിശദീകരിച്ച് പോലീസ് സർജൻ

തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷമുണ്ടായ മാറ്റങ്ങളെ പ്രശംസിച്ച് തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് മേധാവിയും പോലീസ് സര്‍ജന്നുമായ ഡോ. ഉന്മേഷ് എ കെ. എഐ ക്യാമറകൾക്ക് ഇത്രയ്ക്കും ഒരു ഗുണകരമായ പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതിയില്ലെന്നും ഇപ്പോൾ വാഹനമോടിക്കുമ്പോൾ കാണുന്ന ചില കാഴ്ച്ചകൾ പലപ്പോഴും ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ.ഉന്മേഷിന്റെ പ്രതികരണം. ഗതാഗത മന്ത്രി ആന്‍റണി രാജു ഉൾപ്പെടെയുള്ളവർ ഉന്മേഷിന്‍റെ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

ഏകദേശം മൂന്നുമാസങ്ങൾക്ക് മുൻപ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കുറച്ചുവരികൾ എഴുതിയിട്ടപ്പോൾ ഞാൻ പോലും എ.ഐ ക്യാമെറകൾക്ക് ഇത്രയ്ക്കും ഒരു ഗുണകരമായ പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതിയതല്ല..!! ഇപ്പോൾ വാഹനമോടിക്കുമ്പോൾ കാണുന്ന ചില കാഴ്ച്ചകൾ പലപ്പോഴും ആശ്വാസകരമാണ് എന്നത് പറയാതെ വയ്യ... മിക്ക ഇരുചക്രവാഹനക്കാരും (റൈഡറും പുറകിലെ യാത്രക്കാരനുമടക്കം) ഹെൽമെറ്റ് ഉപയോഗിക്കുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണ്... പക്ഷേ, നഗരത്തിൽ നിന്നും അകലെയുള്ള റോഡുകളിൽ ഹെൽമെറ്റ് ഒരു അലങ്കാരവസ്തു മാത്രം ആക്കുന്ന ആ ഉദാസീനമനോഭാവം ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളത് ഏറെ ദുഖകരമാണ്... 

ALSO READ: പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് ചൂട്; മുഖ്യമന്ത്രി 24ന് പ്രചാരണത്തിന് ഇറങ്ങും

സത്യത്തിൽ കഴിഞ്ഞ മൂന്നു മാസങ്ങളുടെ സ്ഥിതിവിവര കണക്കെടുക്കുമ്പോൾ റോഡപകടങ്ങളിൽ മരണപ്പെട്ട കേസുകളിലെ പോസ്റ്റുമോർട്ടങ്ങളുടെ എണ്ണവും ഗണ്യമായ തോതിൽ കുറഞ്ഞിരുന്നു എന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. അത്തരം കേസുകൾ കുറയുമ്പോഴുള്ള ഏറ്റവും സന്തോഷകരമായ കാര്യം നമ്മുടെ നാട്ടിലെ യുവാക്കളുടെ മരണനിരക്കിൽ കുറവ് വരുന്നു എന്നുള്ള യാഥാർഥ്യമാണ്. കാരണം റോഡപകടങ്ങളിൽ സാധാരണയായി അധികവും കണ്ടുവന്നിരുന്നത് മോട്ടോർസൈക്കിളുമായി ബന്ധപ്പെട്ട അപകടങ്ങളും അതിൽ കൂടുതലായും ഉൾപ്പെടുന്നത് യുവാക്കളും ആണെന്നതാണ്. എന്നാലും, ഇപ്പോഴും അത്തരം അപകടങ്ങൾ ഉണ്ടാകുന്നില്ല എന്നു പറയാൻ കഴിയില്ല; മരണങ്ങളും...

അതേസമയം, അത്തരം മരണങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളുടെ ചരിത്രം ചികയുമ്പോൾ മനസ്സിലാകുന്ന ഒരു വസ്തുത ഇന്നും ഒരു വിഭാഗം ജനങ്ങളെങ്കിലും ഹെൽമെറ്റ് എന്ന സുരക്ഷാകവചത്തിന് അധികം പ്രാധാന്യം നൽകിയിട്ടില്ല എന്നുള്ള യാഥാർഥ്യമാണ്... ക്യാമെറയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിമാത്രമായി അലസമായി തലയിൽ വെയ്ക്കുന്ന ഹെൽമെറ്റ് ഒന്നുറപ്പിച്ചുവയ്ക്കാൻ ശ്രദ്ധിക്കുകയാണെങ്കിൽ ഇനിയും മരണനിരക്ക് കുറയ്ക്കാൻ സാധിക്കുമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. പലരും ഉപയോഗിക്കുന്നത് ഗുണനിലവാരമുള്ള ഹെൽമെറ്റ് തന്നെയാണെങ്കിലും, തലയിൽ ധരിക്കുന്ന ഹെൽമെറ്റിന്റെ സ്ട്രാപ്പ് ഉറപ്പിക്കാൻ പലപ്പോഴും അവർ മിനക്കെടാറില്ല എന്നതാണ് സത്യം... വീട്ടിൽനിന്നും അടുത്ത ജംങ്ഷനിലെ സൂപ്പർമാർക്കറ്റ് വരെ പോകാൻ ഹെൽമെറ്റിന്റെ ആവശ്യം ഇല്ലെന്ന് വിശ്വസിക്കുന്ന ഭൂരിഭാഗം ജനങ്ങളോടുമായി പറയാനുള്ള ഒരു കാര്യമുണ്ട്...

വെറും 20 കി.മീ/മണിക്കൂർ എന്ന വേഗത്തിലാണ് നിങ്ങൾ മോട്ടോർസൈക്കിൾ ഓടിക്കുന്നതെങ്കിലും ഒന്നു നിയന്ത്രണം തെറ്റി വീണ് റോഡിൽ തലയിടിച്ചാൽ തീരാവുന്നതേ ഉള്ളൂ നിങ്ങളുടെ ജീവിതം എന്നു മറക്കാതിരിക്കുക. നിങ്ങൾ എത്ര ശ്രദ്ധിച്ചു വാഹനം ഓടിക്കുന്ന ആളാണെങ്കിലും എതിരെ വരുന്ന വാഹനത്തിന്റെ  ഡ്രൈവറുടെ ഒരുനിമിഷത്തെ അശ്രദ്ധ മതിയാകും നിങ്ങളുടെ ജീവിതം അനിശ്ചിതാവസ്ഥയിൽ എത്തിച്ചേരാൻ...നിയമലംഘനങ്ങൾ മൂലം ഒടുക്കേണ്ടിവരുന്ന പിഴയിൽ നിന്നും രക്ഷിക്കുക എന്നതല്ല ഹെൽമെറ്റിന്റെ കർത്തവ്യം... അപ്രതീക്ഷിതമായി തലയ്ക്ക് ഉണ്ടാകാവുന്ന  ഇത്തരം ആഘാതങ്ങളെ ചെറുക്കുക എന്നതാണ് ഹെൽമെറ്റിന്റെ പ്രധാനലക്ഷ്യം എന്നത് മറക്കാതിരിക്കുക...

അതുകൊണ്ട്, ഇരുചക്രവാഹനം ഉപയോഗിക്കുമ്പോൾ എല്ലായ്പ്പോഴും ഹെൽമെറ്റ് ധരിക്കുവാൻ ശ്രദ്ധിക്കുക... മാത്രമല്ല, ശരിയായ രീതിയിൽ അതു ധരിക്കുന്നതിന് മടി കാണിക്കാതിരിക്കുക... നിങ്ങളുടെ തലയുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്വമാണ്... നിങ്ങളുടെ മാത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News