ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു എൻഡിഎ വിട്ടു

മുന്നണിയിലെ ഒരു കക്ഷിയെന്ന പരിഗണന കിട്ടിയില്ലെന്ന് അവര്‍ ആരോപിച്ചു. അതേസമയം ആരുമായും രാഷ്ട്രീയ ചർച്ചക്ക് തയ്യാറാണെന്നും സികെ ജാനു പറഞ്ഞു.  

Last Updated : Oct 14, 2018, 04:14 PM IST
ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു എൻഡിഎ വിട്ടു

കല്‍പ്പറ്റ: രണ്ട് വര്‍ഷം നീണ്ട സഖ്യത്തിനൊടുവില്‍ ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു എൻഡിഎ വിട്ടു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി യോഗത്തിന് ശേഷമാണ് ജാനു പ്രഖ്യാപനം നടത്തിയത്. കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാനു.

മുന്നണിയിലെ ഒരു കക്ഷിയെന്ന പരിഗണന കിട്ടിയില്ലെന്ന് അവര്‍ ആരോപിച്ചു. അതേസമയം ആരുമായും രാഷ്ട്രീയ ചർച്ചക്ക് തയ്യാറാണെന്നും സികെ ജാനു പറഞ്ഞു. രണ്ടുവർഷമായിട്ടും എന്‍ഡിഎയില്‍ നിന്നും പരിഗണന ലഭിച്ചിട്ടില്ലെന്നും മുന്നണി വിടണമെന്ന ചർച്ച പാർട്ടിക്കുള്ളിൽ ഗൗരവമായി നടക്കുന്നുണ്ടെന്നും ജാനു നേരത്തെ സൂചിപ്പിച്ചിരുന്നു. 

അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കുമെന്നും സംസ്ഥാന അധ്യക്ഷ കൂടിയായ ജാനു നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഷെഡ്യൂള്‍ ഏരിയാ നിയമം പാസ്സാക്കണം എന്ന തങ്ങളുടെ ആവശ്യം പാലിക്കപ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ അമിത് ഷാ ഉള്‍പ്പടെ ഉള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമായില്ല. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് തങ്ങളെ പരിഗണിച്ചില്ല. കുറച്ച് കാലങ്ങളായി എന്‍.ഡി.എയുടെ യോഗങ്ങള്‍ പോലും കേരളത്തില്‍ നടക്കുന്നില്ല.

അതിനാല്‍ തന്നെ എന്‍.ഡി.എയില്‍ തുടരേണ്ട എന്ന ചര്‍ച്ച തങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്തെങ്കിലും മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇത്രയും കാലം തുടര്‍ന്നത്. അതിനാല്‍ താല്‍ക്കാലികമായി മാറി നില്‍ക്കാനാണ് കമ്മറ്റി തീരുമാനമെടുത്തിരിക്കുന്നത്. അടുത്ത ദിവസം നടക്കുന്ന ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കും.

എന്‍ഡിഎയുടെ ഭാഗമായാല്‍ ദേശീയ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്‍റെ ഏതെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ സികെ ജാനുവിന് അംഗത്വം നല്‍കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്‍റെ വാഗ്ദാനം. കേരളത്തില്‍ പട്ടിക വര്‍ഗ്ഗമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യവും ജാനു ഉന്നയിച്ചിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും സി.കെ ജാനു വ്യക്തമാക്കി.

Trending News