ഇടുക്കി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ (P T Thomas) സംസ്കാരം ഇന്ന്. വൈകിട്ട് 5.30ഓടെ എറണാകുളം രവിപുരം ശ്മശാനത്തിൽ സംസ്കാരം നടക്കും. പി.ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി ആകും സംസ്കാര ചടങ്ങുകൾ നടത്തുക.
അതേസമയം പി.ടി തോമസിന്റെ ഭൗതികശരീരം പുലർച്ചയോടെ അദ്ദേഹത്തിന്റെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. നിരവധി ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ അവിടെയെത്തിയത്. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി.
രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തുള്ള വീട്ടിൽ എത്തിക്കുമെന്നാണ് പ്രതീക്ഷ. എറണാകുളം ഡിസിസിയിലും ടൗൺ ഹാളിലും പൊതുദർശനമുണ്ടാകും. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമോപചാരം അർപ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി ടി തോമസിന്റെ പ്രിയപ്പെട്ട വോട്ടർമാർ യാത്രമൊഴി നൽകും.
അർബുദ ബാധിതനായി ചികിത്സയിൽ തുടരവെ ഇന്നലെ ഡിസംബർ 22നാണ് 71കാരനായ പിടി തോമസ് അന്തരിച്ചത്. കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അർബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയിൽ എത്തിയത്. വെല്ലൂർ ആശുപത്രിയിൽ വച്ച് തന്നെയാണ് അന്ത്യം സംഭവിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...