'ദളിത് നേതാവായ ഒരു കോൺഗ്രസ് പ്രസിഡന്റ് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ അനിവാര്യം'; ഖാർഗെയ്ക്ക് പിന്തുണയെന്ന് ചെന്നിത്തല

Congress Presidential Election : കെപിസിസി എന്ത് നിലപാട് സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് ആണ് പറയേണ്ടതെന്ന് രമേശ് ചെന്നിത്തല

Written by - Abhijith Jayan | Edited by - Jenish Thomas | Last Updated : Oct 1, 2022, 07:18 PM IST
  • അനുഭവസമ്പത്തുകൊണ്ടും നേതൃപാടവം കൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വലിയ മുതൽക്കൂട്ടാകുന്ന സംഭാവനകൾ ചെയ്യുവാൻ കഴിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
  • കോൺഗ്രസ് സഹപ്രവർത്തകരോട് പറയാനുള്ളത് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവായ മല്ലികാർജുന ഖാർഗെയെ പിന്തുണയ്ക്കണം - ചെന്നിത്തല പറഞ്ഞു.
'ദളിത് നേതാവായ ഒരു കോൺഗ്രസ് പ്രസിഡന്റ് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ അനിവാര്യം'; ഖാർഗെയ്ക്ക് പിന്തുണയെന്ന് ചെന്നിത്തല

തിരുവനന്തപുരം: മല്ലികാർജുന ഖാർഗെയ്ക്ക്  പൂർണ്ണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  ഇന്ത്യയിലെ ഏറ്റവും സീനിയർമാരായിട്ടുള്ള നേതാക്കളിൽ ഒരാളാണ് മല്ലികാർജുന ഖാർഗെ. അനുഭവസമ്പത്തുകൊണ്ടും നേതൃപാടവം കൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വലിയ മുതൽക്കൂട്ടാകുന്ന സംഭാവനകൾ ചെയ്യുവാൻ കഴിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

ഖാർഗെയുടെ നോമിനേഷൻ സീനിയർ നേതാക്കന്മാരായിട്ടുള്ള എല്ലാവരും കൂടിച്ചേർന്ന് ആലോചിച്ചെടുത്ത തീരുമാനമാണ്. എ. കെ. ആന്റണിയെപ്പോലെയുള്ള സീനിയർ നേതാക്കൾ അദ്ദേഹത്തിന്റെ നാമനിർദ്ദേശപത്രികയിൽ ഒപ്പിടുകയുണ്ടായി. രാജ്യത്തിന് ആവശ്യം പരിണതപ്രജ്ഞനായ ഒരു കോൺഗ്രസ്‌ നേതാവിനെയാണ്. കോൺഗ്രസ് സഹപ്രവർത്തകരോട് പറയാനുള്ളത് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ  മുതിർന്ന നേതാവായ മല്ലികാർജുന ഖാർഗെയെ പിന്തുണയ്ക്കണം - ചെന്നിത്തല പറഞ്ഞു.  

ALSO READ : തരൂര്‍ നയിക്കുമ്പോള്‍ വിശാലമായ പ്രതിപക്ഷഐക്യത്തിനുള്ള സാധ്യത ; തരൂരിനെ കോണ്‍ഗ്രസ് ഗുണപരമായി വിനിയോഗിക്കണമെന്ന് ആന്റോ ജോസഫ്

ഇത്രയും കാലം ആക്ഷേപം പറഞ്ഞിരുന്നത് ഗാന്ധികുടുംബമാണ് എല്ലാം നയിക്കുന്നത് എന്നാണ്. അതിൽനിന്ന് വ്യത്യസ്തമായി ഗാന്ധികുടുംബം ഇതിൽനിന്നും മാറി നിന്നുകൊണ്ട്  കോൺഗ്രസിന് പുതിയ ഒരു പ്രസിഡന്റ് ഉണ്ടാകുന്നു എന്നത് ചരിത്രപ്രാധാന്യം അർഹിക്കുന്ന ഒന്നുതന്നെയാണ്. അതുകൊണ്ട് കോൺഗ്രസിന് കൂടുതൽ കരുത്തും ശക്തിയും പകരും. ജനാധിപത്യപരമായ തെരഞ്ഞെടുപ്പാണ് ആർക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാം - ചെന്നിത്തല കൂട്ടിച്ചേർത്തു.

കെപിസിസി എന്ത് നിലപാട് സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് ആണ് പറയേണ്ടത്. ഞാനെന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്.  ദളിത് നേതാവായ ഒരു കോൺഗ്രസ് പ്രസിഡന്റ് ഉണ്ടാകേണ്ടത് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ അനിവാര്യമാണ്. രാഹുൽ ഗാന്ധിയോ സോണിയ ഗാന്ധിയോ ഒരു ഘട്ടത്തിലും ഈ തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇലക് ഷനുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധിയെയോ സോണിയ ഗാന്ധിയെയോ അനാവശ്യമായി വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News