തിരുവനന്തപുരം: ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് വീട്ടിൽ തിരികെ എത്തിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ വാഹനത്തിലാണ് ശിവശങ്കരനെ വീടിലെത്തിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ സ്വന്തം കാറിലാണ് ശിവശങ്കർ തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനത്ത് എത്തിയത്. എന്നാൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രി തനിയെ തിരിച്ചു വിടുന്നതിന്റെ ആശങ്ക കണക്കിലെടുത്താണ് കസ്റ്റംസ് തന്നെ ശിവശങ്കറിനെ വീട്ടിലെത്തിച്ചത്. ശിവശങ്കറിന്റെ കാർ ഇപ്പോൾ കസ്റ്റംസ് ഓഫീസ് വളപ്പിലാണ് ഉള്ളത്.
Also read: ശിവശങ്കരനെ പൂര്‍ണമായും കൈവിടാതെ മുഖ്യമന്ത്രി;സസ്പന്‍ഡ് ചെയ്യാന്‍ സമയമായില്ലെന്ന് പിണറായി!
മാധ്യമങ്ങളുടെ കണ്ണിൽപെടാതെ വീടിന്റെ പിന്നിലെ വഴിയിലൂടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനെ വീട്ടിലെത്തിച്ചത്. മിക്കവാറും ഇന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല ചോദ്യം ചെയ്യൽ വീണ്ടും തുടരുമെന്നാണ് റിപ്പോർട്ട്. സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായുള്ള ശിവശങ്കറിനെ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.
മാത്രമല്ല ശിവശങ്കറും പ്രതികളുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. സെക്രട്ടേറിയറ്റിന് സമീപം ശിവശങ്കർ താമസിച്ചിരുന്ന ഫ്ലാറ്റിന് നേരെയുള്ള ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ജൂലായ് ഒന്ന്, രണ്ട് തീയതികളിൽ ഈ ഹോട്ടലിൽ എത്തിയ നാലുപേരെക്കുറിച്ചുള്ള വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതെക്കുറിച്ചും കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനോട് ചോദിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഡിആർഡിഐ ഉദ്യോഗസ്ഥരും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എത്തിയിരുന്നു, ശിവശങ്കറിന് സ്വർണ്ണക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.