ഡി സി ബുക്‌സ് സുവർണ്ണജൂബിലി ആഘോഷം: പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും

ഡി സി ബുക്‌സ് 50-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണവർഷാഘോഷങ്ങൾക്കാണ് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ തുടക്കംകുറിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 6, 2023, 04:03 PM IST
  • കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അധ്യക്ഷത വഹിക്കും
  • ഒരു വർഷം നീണ്ടു നിൽക്കുന്ന ചടങ്ങുകൾ
  • ഷഹബാസ് അമൻ ഒരുക്കുന്ന സംഗീതവിരുന്നും സുവർണ്ണവർഷാഘോഷങ്ങളുടെ ഭാഗമായി നടക്കും
ഡി സി ബുക്‌സ് സുവർണ്ണജൂബിലി ആഘോഷം: പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും

കോട്ടയം: ഡി സി ബുക്‌സിന്റെ സുവർണ്ണജൂബിലി ആഘോഷവും 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും സെപ്റ്റംബർ 9-ന്  വൈകിട്ട് അഞ്ചു മണിക്ക് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കും. 'ഭാവിയുടെ പുനർവിഭാവനം' എന്ന വിഷയത്തിൽ പ്രകാശ് രാജ് 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തും.  എഴുത്തുകാരായ സക്കറിയ, കെ ആർ  മീര, മനോജ് കുറൂർ, എസ് ഹരീഷ്, ഉണ്ണി ആർ എന്നിവർ ചേർന്ന് ഡി സി ബുക്‌സ് സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 

കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അധ്യക്ഷത വഹിക്കുന്ന വാർഷികസമ്മേളനത്തിന്റെ ഉദ്ഘാടനവും ഡി സി പ്രസാധന മ്യൂസിയത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. ഉത്തരമേഖല ഐ ജി  കെ സേതുരാമൻ ഐ പി എസ്, നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

മലയാളിയുടെ ഭാവുകത്വത്തെ കൂടുതൽ പരിപോഷിപ്പിച്ച, കാലത്തോട് പ്രതികരിക്കുകയും ഇടപെടുകയും ചെയ്ത ഡി സി ബുക്‌സ് 50-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണവർഷാഘോഷങ്ങൾക്കാണ് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ തുടക്കംകുറിക്കുന്നത്. 

രാവിലെ 11-ന് ഡി സി ബുക്‌സ് 49-ാം വാർഷികം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ,  വി.ജെ. ജയിംസ്, ടി.ഡി. രാമകൃഷ്ണൻ, സുനിൽ പി. ഇളയിടം എന്നിവർ ചേർന്ന്  ഉദ്ഘാടനം ചെയ്യും. 'വിശ്വാസം: ഭാവന, ചരിത്രം, ജീവിതം' എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.

സുവർണ്ണവർഷാഘോഷങ്ങളോടനുബന്ധിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് നടക്കും. സച്ചിദാനന്ദൻ, സക്കറിയ, ടി.ഡി. രാമകൃഷ്ണൻ, വി.ജെ. ജയിംസ്, വിനോയ് തോമസ്, വി. ഷിനിലാൽ, പനമ്പിള്ളി അരവിന്ദാക്ഷമേനോൻ, ദുർഗ്ഗാപ്രസാദ്, ഗണേഷ് പുത്തൂർ, ശ്രീകാന്ത് താമരശ്ശേരി, വിജയലക്ഷ്മി എന്നിവർ സുവർണ്ണജൂബിലി പുസ്തകപ്രകാശനത്തിന്റെ ഭാഗമാകും.തുടർന്ന് ഷഹബാസ് അമൻ ഒരുക്കുന്ന സംഗീതവിരുന്നും സുവർണ്ണവർഷാഘോഷങ്ങളുടെ ഭാഗമായി നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

.

Trending News