തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗത്തിന് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്തത് 22,606 കേസുകളെന്ന് കേരള പോലീസ്. പോലീസിന്റെ പരിശോധനയിൽ 24,962 പേരാണ് ലഹരിക്കേസുകളിൽ അറസ്റ്റിലായത്. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കാണ് സംസ്ഥാന പോലീസ് പുറത്ത് വിട്ടത്. എക്സൈസ് വകുപ്പിന്റെ കണക്കുകൾ കൂടി സംസ്ഥാനത്തെ ലഹരിക്കേസുകളുടെ എണ്ണം ഇനിയും വർധിക്കും. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ കണക്ക് പുറത്ത് വിട്ടുരുന്നു. വകുപ്പ് നടത്തുന്ന നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 31 വരെ 1250 നാർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു. 1293 പേരെ അറസ്റ്റ് ചെയ്തു
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ കേരള പോലീസ് ബഹുദൂരം മുന്നിലാണെന്ന് സംസ്ഥാന പേലീസ് അവകാശപ്പെടുന്നു. ലഹരിക്കെതിരെ വകുപ്പ് നടത്തുന്ന 'യോദ്ധാവ്' പദ്ധതി ശക്തിപ്പെടുത്തിയത് കൂടുതൽ പേരെ പിടികൂടാൻ ഗുണം ചെയ്തെന്നും പോലീസ് പറയുന്നു. സർക്കാർ ലഹരിയോട് നോ പറയാം എന്ന ക്യാമ്പയിനും അടുത്തിടെ ആരംഭിച്ചിട്ടുണ്ട്.
ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കിൽ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ്. 3030 ലഹരി കേസുകളാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്തത്. 2853 കേസുകളുമായി തിരുവനന്തപുരം ജില്ല പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 2354 കേസുകളുള്ള കൊല്ലം ജില്ലയാണ് മൂന്നാമതും. ഏറ്റവും കുറച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. 501 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇക്കൊല്ലം ഇതുവരെ ലഹരിക്കേസിൽ ഏറ്റവും കൂടുതല്‍ പേര് അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ്. 3386 പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 3007 പേരും മലപ്പുറം ജില്ലയില്‍ 2669 പേരും അറസ്റ്റും പോലീസ് രേഖപ്പെടുത്തിട്ടുണ്ട്. ഏറ്റവും കുറച്ച് പേര് (500) അറസ്റ്റിലായത് പത്തനംതിട്ട ജില്ലയിലാണ്.
ഈ വർഷം ഇതുവരെ 2751.91 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. 14.29 കിലോ എം.ഡി.എം.എയും 2.10 കിലോ ഹാഷിഷും പിടിച്ചെടുത്തു. 1.04 കിലോ ഹെറോയിനും 35.82 കിലോ ഹാഷിഷ് ഓയിലും ഇക്കാലയളവില്‍ പിടികൂടിയതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...