ആന ചെരിഞ്ഞ സംഭവം; പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചതായി വനം വകുപ്പ്‌

സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച്‌ ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി ചീഫ് കണ്‍വര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) പ്രമോദ് കുമാര്‍. 

Updated: Jun 4, 2020, 03:24 PM IST
ആന ചെരിഞ്ഞ സംഭവം;  പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചതായി വനം വകുപ്പ്‌

പാലക്കാട്: സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച്‌ ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി ചീഫ് കണ്‍വര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) പ്രമോദ് കുമാര്‍. 

രണ്ടു പേരേ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍  അന്വേഷണം തുടരുന്നത്.  സംഭവത്തില്‍ വനം വകുപ്പിന്‍റെ  പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൈതച്ചക്ക തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവം രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ സാഹചര്യത്തില്‍ കടുത്ത നടപടി സ്വീകരിക്കാനാണ് അധികൃതരുടെ നീക്ക൦.

Also read: ആനയുടെ മരണം: ഇടപെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ, സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം....

ഗര്‍ഭിണിയായ  ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനല്‍  (humane society international india) സംഘടന രംഗത്തെത്തി. ആനയെ അപായപ്പെത്തുകയെന്ന ലക്ഷ്യത്തോടെ പടക്കം വെച്ചവരെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 50000 രൂപയാണ് സംഘടന പ്രതിഫലമായി നല്‍കുമെന്നറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

പലപ്പോഴും മനുഷ്യരും മൃഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നത് മനസിലാക്കാവുന്നതാണെങ്കിലും അതിന്‍റെ  പ്രതികാരമെന്നോണം ചതിയിലൂടെ കൊലപ്പെടുത്തുന്നതിനെ സംഘടന ശക്തമായി അപലപിച്ചു.

Alos read: 'ഇത് നിങ്ങളുടെ മുസ്ലീം വിരുദ്ധത പടര്‍ത്താനുള്ള സമയമല്ല...' വിദ്വേഷ പ്രചരണത്തില്‍ നടി പാര്‍വതി തിരുവോത്ത്

പാലക്കാട്  സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷനിലാണ് സംഭവമുണ്ടായത്.   മണ്ണാർക്കാടിന് സമീപം തിരുവാഴിയോടാണ് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കെണിയിൽ കുടുങ്ങി ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യമുണ്ടായത്. വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന, പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് വായില്‍ നിറയെ മുറിവുകളുണ്ടായി. ശക്തമായ സ്ഫോടനത്തില്‍ ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. മുഖത്തെ മുറിവിൽ ഈച്ചയോ മറ്റു പ്രാണികാളോ  വരാതിരിക്കാൻ വെള്ളത്തിൽ തലതാഴ്ത്തി ദിവസങ്ങളോളം നിൽക്കുകയായിരുന്നു ആന.  രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത് 

മണ്ണാർക്കാട് സെക്ഷനിലെ ഫോറസ്റ്റ് ഓഫീസറായ മോഹന കൃഷ്ണനാണ് ഈ കൊ‌ടുംക്രൂരത ഫേസ്ബുക്ക് പേജിലൂടെ  പങ്കുവച്ചത്.  ഉദരത്തിൽ ഒരു കുഞ്ഞിനെയും വഹിച്ച് മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായി ആ കൊല്ലപ്പെട്ട മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ടുള്ള ഫോറസ്റ്റ് ഓഫീസറുടെ വികാരനിർഭരമായ കുറിപ്പ് വൈകാതെ തന്നെ വൈറലായി.