തിരുവനന്തപുരം/കൊല്ലം: കായംകുളത്ത് ഗവ.യുപി സ്കൂളിലും കൊല്ലം കൊട്ടാരക്കരയിൽ അങ്കണവാടിയിലും ഭക്ഷ്യവിഷബാധ. രണ്ടിടങ്ങളിലും 17 കുട്ടികളാണ് ചികിത്സ തേടിയത്. കൊട്ടാരക്കരയിൽ അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തി. വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം 35 കുട്ടികൾ ആശുപത്രിയിലായത് ഭക്ഷ്യവിഷബാധ മൂലമാണോയെന്നതിലും അന്വേഷണം.
കായംകുളം കരിയിലക്കര പുത്തൻറോഡിലെ ടൗൺ യുപിഎസ് സ്കൂളിലെ 13 കുട്ടികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിൽ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചാണ് വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യവും ആരോഗ്യ പ്രശ്നങ്ങളുമുണ്ടായതെന്നാണ് പരാതി.
Read Also: മുത്തങ്ങയ്ക്ക് ശേഷം വയനാട്ടിൽ വീണ്ടും സമര കുടിലുകൾ ഉയരുന്നു
തുടർന്ന്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി. ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിച്ച വെള്ളത്തിൻ്റെ ഉൾപ്പെടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പരിശോധന തുടങ്ങിയതായും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും കായംകുളം എംഎൽഎ യു പ്രതിഭ പറഞ്ഞു. ആഹാരം കഴിക്കാൻ ഉപയോഗിച്ച പാത്രത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റോ എന്നുള്ളതും പരിശോധിക്കും.
കൊല്ലം കൊട്ടാരക്കരയിൽ നിന്ന് ഭക്ഷണം കഴിച്ച നാലു കുട്ടികൾക്കാണ് വയറിളക്കവും ചർദ്ദിയുമുണ്ടായത്. നഗരസഭ ആരോഗ്യവിഭാഗം അങ്കണവാടിയിൽ നടത്തിയ പരിശോധനയിൽ പുഴുവരിച്ച അരി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: Food Poison: വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ; സംഭവത്തിൽ വിശദമായ അന്വേഷണം
കഴിഞ്ഞദിവസം തിരുവനന്തപുരം വെങ്ങാനൂർ ഉച്ചക്കട എൽ എം എൽ പി സ്കൂളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 35 കുട്ടികൾ ചികിത്സയിൽ തുടരുകയാണ്. ഈ സംഭവത്തിലും പരിശോധന തുടരുകയാണ്. അഞ്ചു ദിവസത്തേക്ക് സ്കൂൾ അടച്ചു. വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാക്കിയതായി അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...