പത്തനംതിട്ട സീറ്റിനായി ബിജെപിയില്‍ ചേരിപ്പോര്

ഏറ്റവുമൊടുവില്‍ മത്സരിക്കാന്‍ വ്യക്തമാക്കിയിരിക്കുന്നത് അല്‍ഫോണ്‍സ് കണ്ണന്താനമാണ്. 

Last Updated : Mar 16, 2019, 05:22 PM IST
പത്തനംതിട്ട സീറ്റിനായി ബിജെപിയില്‍ ചേരിപ്പോര്

ന്യൂഡല്‍ഹി: പത്തനംതിട്ട സീറ്റിനായി ബിജെപിയില്‍ ചേരിപ്പോര്. സീറ്റിനായി നാല് നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ബിജെപി കേന്ദ്ര നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ ആശയക്കുഴപ്പത്തിലായി. 

ഏറ്റവുമൊടുവില്‍ മത്സരിക്കാന്‍ വ്യക്തമാക്കിയിരിക്കുന്നത് അല്‍ഫോണ്‍സ് കണ്ണന്താനമാണ്. പത്തനംതിട്ടയാണ് തന്റെ കര്‍മ്മ മണ്ഡലം. കേന്ദ്രനേതൃത്വത്തിനോട് സീറ്റ് ചോദിച്ചിട്ടുണ്ടെന്നും അവസരം കിട്ടിയാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്നുമാണ് കണ്ണന്താനം പറയുന്നത്.

ഡല്‍ഹിയിലെ അശോക റോഡിലെ ബിജെപി ആസ്ഥാനത്ത് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടരുമ്പോള്‍, ഇതിന് മുന്നോടിയായി രാവിലെ കണ്ണന്താനം ബിജെപി സംസ്ഥാനാധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുമായും കുമ്മനം രാജശേഖരനുമായും കൂടിക്കാഴ്ച നടത്തി. നേരത്തേ തന്നെ പത്തനംതിട്ട ജില്ലക്കായി എംടി രമേശും, കെ സുരേന്ദ്രനും രംഗത്തുണ്ട്. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ഭൂരിപക്ഷം 1,38,954 വോട്ടുകളായി ഉയര്‍ത്തിയ കാര്യമാണ് എംടി രമേശ് ചൂണ്ടിക്കാട്ടുന്നത്. 16 ശതമാനമായി വോട്ട് വിഹിതം കൂട്ടിയത് തന്റെ കൂടി പ്രവ!ര്‍ത്തനഫലമാണെന്ന് എംടി രമേശ് അവകാശപ്പെടുന്നത്.

പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ തൃശ്ശൂര്‍ വേണമെന്ന നിലപാടിലാണ് കെ.സുരേന്ദ്രന്‍. എന്നാല്‍ തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കളത്തിലിറക്കാനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന് താത്പര്യം. എന്നാല്‍ തുഷാര്‍ ഇതുവരെ തന്‍റെ നിലപാട് വിട്ടുപറയാത്തതില്‍ കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് വാങ്ങിയ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലാണ്. രണ്ടാമത്തെയാള്‍ കെ.സുരേന്ദ്രന്‍. മൂന്നാമത്തേത് എം.ടി രമേശും. നാലാമത്തേതാകട്ടെ ശോഭാ സുരേന്ദ്രനും. അങ്ങനെ, നാല് ബിജെപി നേതാക്കള്‍ക്കാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിന് മേല്‍ വോട്ട് കിട്ടിയത്.

നാല് പേരും വിജയസാധ്യതയുള്ള സീറ്റ് നോട്ടമിട്ടാണ് ഡല്‍ഹിയില്‍ തുടരുന്നത്. ഇതിനിടെയാണ് പത്തനംതിട്ടയ്ക്ക് അവകാശവാദവുമായി കണ്ണന്താനം കൂടി പരസ്യമായി രംഗത്തുവരുന്നത്. 

ഇതോടെ സീറ്റിനായി വടംവലിയും ആഭ്യന്തരകലഹവും ഉറപ്പായി. അതേസമയം ഏതെല്ലാം സീറ്റില്‍ ആരൊക്കെ മത്സരിക്കണമെന്ന് ഇന്നു ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Trending News