തിരുവനന്തപുരം: ഐഎസ് പ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തിയ കേസിലെ പ്രതികള്‍ കേരളത്തില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയുടെ വെളിപ്പെടുത്തല്‍. ഇതിനായി ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയാണ് പ്രതികള്‍ ആശയവിനിമയം നടത്തിയത്. ഖത്തറില്‍ ജോലി ചെയ്യുമ്പോഴാണ് പ്രതികള്‍ കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ തീരുമാനിച്ചതെന്നും എന്‍ഐഎ കണ്ടെത്തി.
കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം നടത്തുന്നതിന് പണം കണ്ടെത്താൻ പ്രതികള്‍ ബാങ്ക് കൊള്ളയടിക്കാന്‍ തീരുമാനിച്ചിരുന്നതായി എന്‍ഐഎ അറിയിച്ചു. ദേശസാല്‍കൃത ബാങ്ക് ഉള്‍പ്പെടെ കൊള്ളയടിക്കാനായിരുന്നു പദ്ധതി. ടെലഗ്രാമില്‍ പെറ്റ് ലവേര്‍സ് എന്ന പേരില്‍ ഗ്രൂപ്പ് തുടങ്ങുകയും തീവ്രവാദ ആശയങ്ങളുമായി യോജിക്കുന്നവര്‍ രഹസ്യ ചാറ്റ് നടത്തുകയും ചെയ്തു. സിറിയയിലേയ്ക്കും അഫ്ഗാനിസ്താനിലേയ്ക്കും പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്നു ഇതിനായി തൃശൂരിലെ ഒരു ജ്വല്ലറി, സഹകരണ സംഘം, ദേശസാല്‍കൃത ബാങ്ക് എന്നിവ കവര്‍ച്ച ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയെന്നും എന്‍ഐഎ കണ്ടെത്തി.
ALSO READ: ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപം: നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്‌തേക്കും
ടെലഗ്രാം ഗ്രൂപ്പിലൂടെ കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനിലെത്തി ഐഎസില്‍ ചേര്‍ന്ന ഒരാളുടെ നിര്‍ദ്ദേശങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. തൃശൂരിലെ രണ്ട് പേരാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. ഈ പദ്ധതിയെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നാല് പേര്‍ അറസ്റ്റിലായി. മുഖ്യപ്രതി ആഷിഫ് ഉള്‍പ്പെടെ മൂന്ന് പേരാണ് സ്‌ഫോടനം നടത്താന്‍ ആസൂത്രണം ചെയ്തത്. രണ്ട് പേര്‍ ഒളിവില്‍ തുടരുകയാണ്.
ഏപ്രില്‍ 20ന് പാലക്കാട് നിന്ന് പ്രതികള്‍ 30 ലക്ഷം കുഴല്‍പ്പണം തട്ടി. തുടര്‍ന്ന് സത്യമംഗലം കാട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ആസിഫ് പിടിയിലായത്. ഒരു ഫാം ഹൗസിലാണ് ആസിഫ് ഒളിവില്‍ കഴിഞ്ഞത്. ഇവിടെ നിന്ന് വൈഫൈ ഉപയോഗിച്ച് ടെലഗ്രാം ഗ്രൂപ്പില്‍ ആസിഫ് സന്ദേശങ്ങള്‍ പങ്കുവെച്ചിരുന്നു. ഇയാള്‍ക്ക് ഒളിവില്‍ കഴിയാനാവശ്യമായ സഹായങ്ങള്‍ ചെയ്ത ഫറൂഖ് എന്നയാളും എന്‍ഐഎയുടെ പിടിയിലായിട്ടുണ്ട്. ആസിഫിനൊപ്പമുള്ള മറ്റൊരു പ്രധാന പ്രതിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ടെലഗ്രാം ഗ്രൂപ്പിലുണ്ടായിരുന്ന ബെംഗളൂരു, ഇ റോഡ് എന്നിവിടങ്ങളില്‍ ഉള്ളവരെ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് കൊച്ചി യൂണിറ്റ് അന്വേഷണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...