തിരുവനന്തപുരം: Vigilance Chief Replaced: വിജിലന്‍സ് ഡയറക്ടര്‍ എം ആര്‍ അജിത്കുമാറിനെ മാറ്റി സർക്കാർ. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഈ നടപടി. വിജിലന്‍സ് ഐ ജിയായ എച്ച് വെങ്കിടേഷിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
അജിത് കുമാറിന്റെ നിയമനം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുക്കും. ഷാജ് കിരണുമായി അജിത് ഫോണിൽ സംസാരിച്ചതാണ് ഈ നടപടിക്ക് കാരണം. കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെ നടത്തിയ വെളിപ്പെടുത്തലിന് ശേഷം തന്നെ കാണാനെത്തിയ ഷാജ് കിരണ്‍ വിജിലന്‍സ് മേധാവി എം ആര്‍ അജിത്കുമാറുമായും ലോ ആന്റ് ഓര്‍ഡര്‍ എഡിജിപിയുമായും ഫോണില്‍ സംസാരിച്ചിരുന്നതായി കഴിഞ്ഞ ദിവസം സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
ഇന്നലെ സ്വപ്ന പുറത്തു വിട്ട ഓഡിയോ സംഭാഷണത്തില്‍ എം ആര്‍ അജിത്കുമാറുമായി സംസാരിച്ച വിവരം ഷാജ് കുമാര്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് വിജിലന്‍സ് മേധാവിക്കെതിരെ സർക്കാർ നടപടിയെടുത്തത്. വിജിലന്‍സ് മേധാവി എം ആര്‍ അജിത്കുമാറുമായും ലോ ആന്റ് ഓര്‍ഡര്‍ എ ഡി ജി പി എന്നിവരുമായി ഷാജ് കിരണ്‍ നിരവധി തവണ സംസാരിച്ചിരുന്നതായി സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് എഡിജിപി വിജയ് സാഖറെ രംഗത്തു വന്നെങ്കിലും എം ആര്‍ അജിത് കുമാര്‍ പ്രതികരിച്ചിരുന്നില്ല.
സർക്കാറിനെയും പൊലീസിനെയും പ്രതികൂട്ടിലാക്കുന്ന ആരോപണം പുറത്ത് വന്ന് ഒരു ദിവസമായിട്ടും ദൂതനായി എത്തിയ ഷാജ് കിരണിന്‍റെ മൊഴി എടുക്കാൻ പോലും പോലീസ് ഇതുവരെ തയ്യറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് എം ആർ അജിത് പറഞ്ഞാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...