ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ ഗോകുൽ ഒന്നാമനായി. വാശിയേറിയ മൽസരത്തിൽ ചെന്താമരാക്ഷൻ രണ്ടാമതെത്തിയപ്പോൾ കണ്ണൻ മൂന്നും പിടിയാന ദേവി നാലും രവി കൃഷ്ണൻ അഞ്ചും സ്ഥാനത്തെത്തി. കുറച്ചു നാളുകൾക്ക് ശേഷം ഇതാദ്യമായാണ് ഗോകുൽ ആനയോട്ടത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. ആകെ 19 ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്
ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള മണികളുമായി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടി.തുടർന്ന് മഞ്ജുളാൽ പരിസരത്ത് ആനകൾക്ക് മണികൾ അണിയിച്ചു,ഇതോടെ മാരാർ ശംഖ് ഊതിയതിന് പിന്നാലെ ആനകൾ ക്ഷേത്രം ലക്ഷ്യമാക്കി ഓടിത്തുടങ്ങുകയായിരുന്നു.
1994 ജനുവരി ഒൻപതിനാണ് തൃശ്ശൂർ സ്വദേശിയായ എ.രഘുനന്ദൻ ഗോകുലിനെ ക്ഷേത്രത്തിൽ നടയ്ക്കിരുത്തുന്നത്. നിരവധി ആനകളെ കേരളത്തിലെത്തിച്ച മനിശ്ശീരി ഹരിയാണ് ഗോകുലിനെ കർണ്ണാടകത്തിൽ നിന്നും കേരളത്തിൽ എത്തിച്ചത്. നല്ല നിലവ്,ചെമ്പൻ നിറം,നല്ല നടയമരങ്ങൾ,ഉയർന്ന മസ്തകം,പാദം വരെയുള്ള വാല് എന്നിവ ആനയുടെ പ്രത്യേകതയാണ്.
അത്യാവശ്യം കുറുമ്പുകളും കുസൃതികളുമുണ്ടായിരുന്ന ഗോകുൽ ഒറ്റ കൊമ്പനാണ്. ഗുരുവായൂർ തെക്കെനടയിലെ ശീവേലി പറമ്പിൽ തെങ്ങ് വീണ് കൊമ്പുകൾക്ക് ഇളക്കം തട്ടിയിരുന്നു,പീന്നീട് ഒരു കൊമ്പ് നഷ്ട്ടപ്പെടുകയും ചെയ്തിരുന്നു. പഴുപ്പ് ബാധിച്ച വലത് കൊമ്പു ഗോകുലിനെ തെല്ലൊന്നുമല്ല തളർത്തിയത്. പിന്നീട് ഫൈബർ കൊമ്പ് ആനയ്ക്ക് വെച്ചു പിടിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...